ഡ്രൈവിംഗ് മാത്രം പഠിച്ചാൽ പോരാ; അഭ്യാസവും പരിശീലിക്കണം
1337717
Saturday, September 23, 2023 2:01 AM IST
മേലൂർ: പുഷ്പഗിരി - പാലപ്പിള്ളി റോഡിലൂടെ യാത്ര ചെയ്യാൻ ഡ്രൈവിംഗ് മാത്രം പഠിച്ചാൽ പോരാ; അഭ്യാസവും പരിശീലിക്കണം.
ആറുവർഷം മുമ്പ് ടാറിംഗ് നടത്തിയ റോഡിന്റെ സ്ഥിതി ശോചനീയാവസ്ഥയിലായി. നാലിടങ്ങളിലാണു സഞ്ചാരയോഗ്യമല്ലാത്ത വിധമായിട്ടുള്ളത്.ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണ് റോഡ് ഇത്തരത്തിൽ തകരുവാൻ കാരണമായതെന്ന് നാട്ടുകാർ പറത്തു. കുഴികൾ രൂപപ്പെട്ടതുമൂലം കാൽനട - ഇരുചക്ര വാഹനയാത്രക്കാർക്ക് അപകട ഭീഷണിയായി മാറിയിരിക്കുകയാണ്. ഘടനയിൽവന്ന വ്യത്യാസം മൂലം ചെറുവാഹനങ്ങളുടെ അടിത്തട്ട് റോഡിലിടിച്ച് കേടുപാടുകൾ വരുന്നതായും പറയുന്നുണ്ട്.
കനത്ത മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം നിറഞ്ഞ് മുന്നിലുള്ള കെണികൾ തിരിച്ചറിയാൻ കഴിയാതെ വരുന്നു. ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്ക് ഹെൽമറ്റ്, സീറ്റ് ബൽറ്റ് ഉൾപ്പടെയുള്ളവ ധരിക്കാൻവേണ്ടി വിവിധ നിയമങ്ങളും നടപടികളും സ്വീകരിക്കുമ്പോഴും യാത്രക്കാരെ അപകടത്തിലാക്കുന്ന റോഡുകളുടെ പിഴവുകൾ തീർക്കാൻ അധികൃതർ വേണ്ടത്ര പ്രാധാന്യം കാണിക്കുന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു. ഇതുമൂലം ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്ന ചോദ്യവും ഉയരുന്നു.
പൈപ്പുകൾ പതിവായി പൊട്ടി റോഡ് തകർന്നു തുടങ്ങിയതോടെ കരാറുകാരൻ ജോലി ഉപേക്ഷിച്ചു പോവുകയായിരുന്നുവെന്ന് ആരോപണമുണ്ട്. അടുത്തിടെ പൈപ്പുകൾ മാറ്റി സ്ഥാപിച്ചു. രണ്ടുതവണ ടെൻഡർ വച്ചിരുന്നുവെങ്കിലും എടുക്കാൻ ആളുണ്ടായിരുന്നില്ലെന്നും പറയുന്നു.
സഞ്ചാരയോഗ്യമല്ലാത്ത നാലു ഭാഗങ്ങൾ ഒഴികെയുള്ള റോഡ് വലിയ കേടുപാടുകൾ ഇല്ലാത്തതാണെന്നും താത്കാലികമായെങ്കിലും തകരാർ പരിഹരിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം. എംഎൽഎയെ വിവരം അറിയിച്ചിരുന്നതായും കളക്ടർ ഉൾപ്പടെയുള്ള അധികൃതർക്കു പരാതി നൽകുമെന്നും നാട്ടുകാരും യാത്രക്കാരും പറഞ്ഞു.