പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
1336620
Tuesday, September 19, 2023 1:25 AM IST
എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എരുമപ്പെട്ടി കടങ്ങോട് തെക്കുമുറി മാനംപുള്ളി വീട്ടിൽ ശ്രീജിത്ത് (24) ആണ് അറസ്റ്റിലായത്. എറണാകുളം ജില്ലയിൽ താമസിക്കുന്ന പതിനാലുകാരിയെയാണു ശ്രീജിത്ത് പീഡനത്തിനിരയാക്കിയത്.
കഴിഞ്ഞവർഷമാണു കേസിനാസ്പദമായ സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയും കുടുംബവും കടങ്ങോടാണു താമസിച്ചത്. പ്രണയം നടിച്ചു കുട്ടിയെ വശത്താക്കിയ ഇയാൾ വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്തു സ്വന്തം വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരോടൊപ്പം ഇപ്പോൾ എറണാകുളം ജില്ലയിലാണ് താമസിക്കുന്നത്. പഠിക്കുന്ന സ്കൂളിൽ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. തുടർന്ന് മെഡിക്കൽ റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പോക്സോ നിയമപ്രകാരം എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ റിജിൻ കെ. തോമസ്, എസ്ഐ കെ. അനുദാസ്, പോലീസ് ഓഫീസർമാരായ കെ. സഗുണ്‍, സജീവൻ, മുഹമ്മദ് സ്വാലിഹ്, ജയ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.