അരിമ്പൂരിൽ തമിഴ്നാട് സ്വദേശിയുടെ മരണം: കൊലപാതകമെന്ന് സൂചന
1336566
Monday, September 18, 2023 11:39 PM IST
അരിമ്പൂർ: തമിഴ്നാട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന.
എൻഐഡി റോഡിൽ ഓളം തല്ലിപ്പാറയ്ക്ക് സമീപം താമസിക്കുന്ന തമിഴ്നാട് കാട്ടുമന്ന കോവിൽ കാട്ടുമന്നാർകുടി അറുമുഖത്തിന്റെ മകൻ ആദിത്യനെ(41)യാണ് താമസിച്ചിരുന്ന വീട്ടിൽ ഞായറാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരാണ് മരണം കൊലപാതകമാണെന്ന സൂചന നൽകിയിട്ടുള്ളത്. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തി. പോലീസ് നായയേയും പരിശോധനയ്ക്ക് എത്തിച്ചിരുന്നു. കൂലിപ്പണിക്കാരനായ ആദിത്യൻ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. വീട്ടിൽനിന്നു ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച സംസ്കരിച്ചു.