റവ. ഡോ. പോൾ വാഴപ്പിള്ളിയുടെ സംസ്കാരം നാളെ
1299748
Sunday, June 4, 2023 1:02 AM IST
ഇരിങ്ങാലക്കുട: കഴിഞ്ഞദിവസം അന്തരിച്ച ഇരിങ്ങാലക്കുട രൂപതയിലെ സീനിയർ വൈദികൻ റവ. ഡോ. പോൾ വാഴപ്പിള്ളിയുടെ (87) സംസ്കാരം നാളെ നടത്തും.
മൃതദേഹം ഇന്ന് വൈകീട്ട് നാലു മുതൽ സഹോദര ഭവനത്തിൽ (വി. ജെ. കുര്യൻ മാസ്റ്ററുടെ വസതി - മാളവന) പൊതുദർശനത്തിന് വയ്ക്കും. സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം നാളെ രാവിലെ 11.00 ന് പ്രസ്തുത ഭവനത്തിൽ നിന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 12.00 മുതൽ 2.30 വരെ പുത്തൻവേലിക്കര സെന്റ് ജോർജ് ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. 2.30 ന് സംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗവും, വിശുദ്ധ കുർബാനയും നടത്തും. തുടർന്ന് സെമിത്തേരി കപ്പേളയിൽ സംസ്കാരം നടത്തുന്നതുമാണ്.
അവിഭക്ത തൃശൂർ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിക്കുകയും പിന്നീട് അമേരിക്കയിലെ ബ്രൂക്ക്ലിൻ രൂപതയിലെ വൈദികനായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പുത്തൻവേലിക്കര സെന്റ് ജോർജ് ഇടവക വാഴപ്പിള്ളി ഔസേപ്പ് - അന്നം ദന്പതികളുടെ ഒന്പതാമത്തെ മകനായി 1930 ജൂണ് 25 ന് ജനിച്ചു.
തൃശൂർ തോപ്പ് സെന്റ് മേരീസ് മൈനർ സെമിനാരിയിൽ പ്രാഥമിക പരിശീലനവും തുടർന്ന് റോമിൽ തത്വശാസ്ത്ര - ദൈവശാസ്ത്ര പരിശീലനവും പൂർത്തിയാക്കി. 1981 ഒക്ടോബർ 18 ന് റോമിൽ വച്ചു തന്നെ വൈദികപട്ടം സ്വീകരിച്ചു. പഴുവിൽ ഇടവകയിൽ അസ്തേന്തിയായും, തൃശൂർ തോപ്പ് സെമിനാരിയിൽ വൈസ് റെക്ടറായും, പൂങ്കുന്നം ഇടവകയിൽ വികാരിയായും, പാലാരിവട്ടം പിഒസിയിൽ ഡീൻ ഓഫ് സ്റ്റഡീസ് ആയും സേവനം ചെയ്തിട്ടുണ്ട്. റോമിൽ നിന്നും സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടിയ പോളച്ചൻ അമേരിക്കയിൽ ബൈബിൾ വിജ്ഞാനീയത്തിൽ പഠനം നടത്തിയിട്ടുണ്ട്. തുടർന്ന് 1977 മുതൽ 30 വർഷങ്ങൾ അമേരിക്കയിലെ ബ്രൂക്ക്ലിൻ രൂപതയിൽ സേവനം ചെയ്തു. 46 വർഷത്തെ വൈദിക - മിഷനറി സേവനത്തിനുശേഷം പുത്തൻവേലിക്കരയിലെ സഹോദരഭവനത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
സഹോദരങ്ങൾ: വി. ജെ. കുര്യൻ മാസ്റ്റർ, കൊച്ചുത്രേസ്യ, ഫാ. ഫ്രാൻസിസ് വാഴപ്പിള്ളി എസ്ജെ, സിസ്റ്റർ ജിസ് ജെഎംജെ, പരേതരായ മറിയം, മാത്തിരി, ജോർജ്, റോസി, സിസ്റ്റർ അഗാത്ത എഫ്എസ്എംഎ. ഫാ. ഡെന്നി വാഴപ്പിള്ളി സിഎംഐ സഹോദര പുത്രനാണ്.