കൈപ്പറമ്പിലും ചങ്ങരംകുളത്തും വാഹനാപകടം: മൂന്നു മരണം
1279364
Monday, March 20, 2023 10:30 PM IST
കുന്നംകുളം/കൈപ്പറമ്പ്: കൈപ്പറമ്പിലും ചങ്ങരംകുളത്തുമുണ്ടായ വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. കൈപ്പറമ്പില്‍ റോഡു മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചും ചങ്ങരംകുളത്ത് സ്കൂട്ടറില്‍ കാറിടിച്ചുമാണ് മൂന്നുപേര്‍ മരിച്ചത്. മൂന്ന് അപകടങ്ങളും ഞായറാഴ്ച രാത്രിയിലായിരുന്നു.
കൈപ്പറമ്പ് സെന്ററില്‍ രാത്രി 11 മണിയോടെ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കാറിടിച്ച് മരത്തംകോട് മാട്ടത്തില്‍ താമസിക്കുന്ന പട്ടാളക്കാരന് ജോബുട്ടിയുടെ മകന് ചെറുവത്തൂര്‍ വീട്ടില്‍ ജോയി (41) യാണ് മരിച്ചത്. കേച്ചേരി ആക്ട്സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഉടന്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്കാരം നടത്തി. ഭാര്യ ജോളി. സഹോദരങ്ങൾ :സണ്ണി, ശാന്താ, രാജു, ഉഷ.
ചങ്ങരംകുളത്ത് സ്കൂട്ടറില്‍ കാറിടിച്ചാണ് രണ്ടു യുവാക്കള്‍ മരിച്ചത്.കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പില്‍ ബാവയുടെ മകന് ഫാസില്‍ (33) നൂലിയില്‍ മജീദിന്റെ മകന് അല്‍താഫ്(24)എന്നിവരാണ് മരിച്ചത്. രാത്രി 11 മണിയോടെയാണ് അപകടം. ഒതളൂരില്‍ ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച സ്കൂട്ടിയില്‍ തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജീവന് രക്ഷിക്കാനായില്ല. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കാരം നടത്തി.