ഓട്ടോയില്‍ മറന്നുവച്ച 62,000 രൂപ അടങ്ങിയ പഴ്സ് തിരികെ നൽകി ഡ്രൈവർ
1563996
Sunday, June 1, 2025 4:44 AM IST
കൊച്ചി: ഓട്ടോറിക്ഷയില്‍ മറന്നുവച്ച പണം അടങ്ങിയ പഴ്സ് ഉടമസ്ഥനു തിരികെ നല്കി. വൈപ്പിന്‍ സ്വദേശി ലാന്സന്റെ ഓട്ടോയില്‍ ഇന്നലെ എറണാകുളം മാര്‍ക്കറ്റ് റോഡില്‍ നിന്നും പത്മ ജംഗ്ഷന് വരെ യാത്ര ചെയ്ത ആലുവ സ്വദേശിനി ഷംലയും കുടുംബവുമാണ് മടങ്ങുന്നതിനിടെ 62,000 രൂപ അടങ്ങുന്ന പഴ്സ് ഓട്ടോയില്‍ മറന്നത്.
യാത്രക്കാര്‍ ഇറങ്ങിപ്പോയ ശേഷം സീറ്റിൽ പര്സ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ലാന്സൻ പണം അടങ്ങിയ പഴ്സ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടപ്പെട്ട സ്ത്രീയെ കണ്ടെത്തിയത്. സ്റ്റേഷനില്‍ നേരിട്ടെത്തിയ ഷംലയ്ക്ക് പോലീസ് പഴ്സ് കൈമാറി.