ഒലിയപ്പുറം ഫാം റോഡ് യാഥാർഥ്യമാകുന്നു
1509195
Wednesday, January 29, 2025 4:37 AM IST
തിരുമാറാടി: ഒലിയപ്പുറം സ്വദേശികളുടെ ഫാം റോഡ് എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. ഒലിയപ്പുറം പാടശേഖരം വഴി നേരത്തെയുണ്ടായിരുന്ന നടപ്പാത പുനർനിർമിക്കണമെന്ന ആവശ്യമാണ് സഫലീകരിക്കുന്നത്. വഴിയില്ലാതെ വോട്ടില്ലെന്ന് വോട്ടർ പറഞ്ഞതോടെ ജനപ്രതിനിധികളും വഴിക്കായി ഓടുകയായിരുന്നു.
വടകര പാടശേഖരത്തിന്റെ ഭാഗമായ ഒലിയപ്പുറം വടക്ക് പാടശേഖരവും വാളാക്ക് പാടശേഖരവും തമ്മിൽ ബന്ധിപ്പിച്ച് ഫാം റോഡിന്റെ നിർമാണത്തിനായി കെഎൽഡിസി 40 ലക്ഷമാണ് അനുവദിച്ചത്. ലീഡിംഗ് ചാനലും ഫാം റോഡുമാണ് പദ്ധതിപ്രകാരം നിർമിക്കുന്നത്. 28 വർഷങ്ങൾക്കു മുൻപ് എംവിഐപി കനാൽ ജലസേചന സംവിധാനമെത്തുന്നതിന് മുൻപേ രണ്ട് നെൽകൃഷിയും പച്ചക്കറി കൃഷിയും നടത്തിയിരുന്ന പാടശേഖരമാണിത്.
പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം വാർന്നുപോകുന്നതിനുള്ള സംവിധാനങ്ങളും നിർമിച്ചിരുന്നു. ഇതിന്റെ ബാക്കിഭാഗമാണ് 20 ലക്ഷം ചെലവഴിച്ച് ഇപ്പോൾ നിർമാണം നടത്തുന്നത്. വടകര സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നും പാടം കടന്ന് കണിയാൻ പ്രദേശം വഴി ഒലിയപ്പുറം കവലയിലേക്ക് നടന്നുപോയിരുന്ന വഴിയാണ് റോഡായി പുനർനിർമിക്കുന്നത്.
പാടശേഖരത്തിനു കുറുകെ നടപ്പാതയ്ക്കു പകരമായി എട്ടടി വീതിയിൽ ഫാം റോഡ് നിർമിക്കുന്നതിന് കെഎൽഡിസി ചെയർമാൻ സത്യനേശൻ അംഗീകാരം നൽകുകയായിരുന്നുവെന്ന് പാന്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ് അറിയിച്ചു. അനൂപ് ജേക്കബ് എംഎൽഎ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് തുടങ്ങിയവരാണ് പദ്ധതിക്ക് പിന്തുണ നൽകിയത്.