മയക്കുമരുന്ന് കേസ് പ്രതിയെ കുറ്റവിമുക്തനാക്കി
1509168
Wednesday, January 29, 2025 3:55 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയ വൻ മയക്കുമരുന്ന് കേസിലെ പ്രതി കോടതിയിൽ നിന്നും കുറ്റവിമുക്തനായി. 2022 മേയ് 28ന് 20 കോടി രൂപയുടെ ഹെറോയിനുമായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായിരുന്ന ടാൻസാനിയൻ സ്വദേശി മുഹമ്മദ് അലി യെയാണ് കോടതി കുറ്റവിമുക്തനാക്കിയത്.
ഈ യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ സെഷൻസ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്നും ദുബായ് വഴി എമിറേറ്റ്സ് വിമാനത്തിലെത്തിയ ടാർസാനിയൻ സ്വദേശിയിൽ നിന്ന് ഡിആർഐ വിഭാഗം മയക്കുമരുന്ന് പിടികൂടിയത്.
20.18 കോടി വിലവരുന്ന 2884 ഗ്രാം ഹെറോയിനാണ് ഇയാളുടെ ബാഗേജിൽ നിന്നു കണ്ടെത്തിയത്. ട്രോളി ബാഗിൽ പ്രത്യേക അറയുണ്ടാക്കിയാണ് ഇയാൾ ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. എന്നാൽ ഇക്കാര്യം കോടതിയിൽ തെളിയിക്കാൻ കഴിയാതിരുന്നത് ഡിആർഐ വിഭാഗത്തിന് വൻ തിരിച്ചടിയായി.