അനധികൃത മത്സ്യബന്ധനം: രണ്ട് ബോട്ടുകൾ കൂടി പിടിയിൽ
1509178
Wednesday, January 29, 2025 4:18 AM IST
വൈപ്പിൻ: തീരത്തോടു ചേർന്ന് അനധികൃതമായി ട്രോളിംഗ് നടത്തിയ രണ്ടു ബോട്ടുകൾ കൂടി ഫിഷറീസ് എൻഫോഴ്സ്മെന്റ് പിടികൂടി പിഴയടപ്പിച്ചു. എടവനക്കാട് കടലിൽ തീരത്തു ചേർന്ന് മത്സ്യബന്ധനം നടത്തിയ മിന്നത്ത്, ഫാത്തിമ എന്നീ മത്സ്യബന്ധന ബോട്ടുകളാണ് ഇന്നലെ പിടിയിലായത്.
ഞായറാഴ്ച പുതുവൈപ്പിൽ നിന്ന് ഒരു ബോട്ട് പിടികൂടിയതിനു പുറമെയാണിത്. ഇന്നലെ പിടികൂടിയ രണ്ട് ബോട്ടുകൾക്കും കൂടി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസിന്റെ നിർദേശാനുസരണം അഞ്ചു ലക്ഷം പിഴയീടാക്കി.
യാനങ്ങളിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത വകയിൽ 24,750 രൂപ ട്രഷറിയിലും അടച്ചു. ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോൾ, മറൈൻ എൻഫോഴ്സ്മെന്റ് ഗാർഡ് ജോബി , സിപിഒ അനീഷ്, ലൈഫ് ഗാർഡ്മാരായ സുരാജ്, ജസ്റ്റിൻ എന്നിവരാണ് പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്നത്.