കളമശേരി മെഡിക്കൽ കോളജിൽ ലാബ് പരിശോധനാ ഫലങ്ങള്‍ ഇനി ഡിജിറ്റല്‍
1509182
Wednesday, January 29, 2025 4:18 AM IST
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികളുടെ ലാബ് പരിശോധനാ ഫലങ്ങള്‍ ഇനി ഡിജിറ്റല്‍ രൂപത്തില്‍. ഇ-ഹെല്‍ത്ത് പദ്ധതി മുഖേനയാണ് പരിശോധനാ ഫലങ്ങള്‍ ഡിജിറ്റലൈസ് ചെയ്തിരിക്കുന്നതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹന്‍ അറിയിച്ചു.
ഇപ്രകാരം ചെയ്യുന്നത് വഴി രോഗികളുടെ പരിശോധനാ ഫലങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഡോക്ടര്‍മാര്‍ക്ക് കാലതാമസം കൂടാതെ ലഭ്യമാകും. മെഡിക്കല്‍ കോളജില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായിട്ടുള്ള ഇ-ഹെല്‍ത്ത് പദ്ധതി 2023 സെപ്റ്റംബറില്‍ ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തില്‍ രജിസ്ട്രേഷന് മാത്രമാണ് ഇ-ഹെല്‍ത്തില്‍ നടപ്പിലാക്കിയത്.
രണ്ടാം ഘട്ടത്തില്‍ ഒപി കണ്സള്ട്ടേഷന്, അഡ്വാന്‍സ് ബുക്കിംഗ്, ഓണ്‍ലൈന്‍ അപ്പോയ്മെന്റ്, ഒപി ബില്ലിംഗ് എന്നീ സംവിധാനങ്ങള്‍ നടപ്പിലാക്കി. കൂടാതെ ഒപികളില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയതോടുകൂടി രോഗികള്‍ അധിക സമയം ക്യൂവില്‍ നില്‍ക്കുന്നത് ലഘൂകരിക്കാന്‍ കഴിഞ്ഞിരുന്നു.
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഒപിയിലേക്കാവശ്യമായ ഹാര്‍ഡ് വെയര്‍ സജ്ജീകരിച്ചത്. കെഎംഎസിസിഎല്ലില് നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ഐപി സെക്ഷനിലെ ഹാര്‍ഡ് വെയര്‍ തയാറാക്കിയത്.