വ്യാജരേഖയുമായി കൊച്ചിയില്‍ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍
1509169
Wednesday, January 29, 2025 3:55 AM IST
കൊച്ചി: വ്യാജ രേഖയുമായി എറണാകുളം വെണ്ണലയില്‍ താമസിച്ചിരുന്ന രണ്ടു ബംഗ്ലാദേശ് പൗരന്മാരെ പോലീസ് പിടികൂടി. ബംഗ്ലാദേശ് ഖുല്‍ന സ്വദേശികളായ മുഹമ്മദ് ബല്‍ജിത്ത് (31), മുഹമ്മദ് ബാബു (36) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.
വെണ്ണല ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇരുവരും ആക്രി സാധനങ്ങള്‍ പെറുക്കിയാണ് കഴിഞ്ഞിരുന്നത്. പരിശോധനയ്ക്കെത്തിയ പോലീസിനോട് തങ്ങള്‍ ഇന്ത്യക്കാരാണെന്നാണ് ഇരുവരും പറഞ്ഞത്. ആധാർ കാർഡും പോലീസിനെ കാണിച്ചു.
ബല്‍ജിത്തിന്റെ ആധാര്‍ കാര്‍ഡില്‍ ബംഗളൂരുവിലെയും മുഹമ്മദ് ബാബുവിന്റെ ആധാര്‍ കാര്‍ഡില്‍ ഡല്‍ഹിയിലെയും വിലാസമാണ് ഉണ്ടായിരുന്നത്. എന്നാല്‍ സംശയം തോന്നിയ പോലീസ് ഇവരുടെ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് ബംഗ്ലാദേശിലുള്ള ബന്ധുക്കളെയും മറ്റും ഇവര്‍ വാട്സ്ആപ്പിലുടെ വിളിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പശ്ചിമ ബംഗാളിലെ ഏജന്റുമാരുടെ സഹായത്തോടെ രേഖകള്‍ സംഘടിപ്പിച്ചതായാണ് ഇരുവരും പോലീസിന് നല്കിയ മൊഴി. ഇരുവര്‍ക്കുമെതിരെ ഫോറിനേഴ്സ്, പാസ്പോര്‍ട്ട് വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10 ബംഗ്ലാദേശികളാണ് അറസ്റ്റിലായത്.