ടോറസിൽ അമിതഭാരം: വാഹന ഉടമയും ഡ്രൈവറും പിഴയടയക്കണം
1509171
Wednesday, January 29, 2025 3:55 AM IST
കൊച്ചി: തൃക്കാക്കര അമിതഭാരം കയറ്റിയ കേസില്‍ വാഹന ഉടമയും ഡ്രൈവറും 56,000 രൂപവീതം പിഴ അടയ്ക്കാന്‍ കോടതിയുടെ ഉത്തരവ്. എറണാകുളം സ്പെഷല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെര്‍ണാണ്ടസിന്റേതാണ് ഉത്തരവ്.
കരുകുളം വിലങ്ങ് പോതിയില്‍ വീട്ടില്‍ ഇ.കെ. തസ്നി, ഡ്രൈവര്‍ ഇടുക്കി അടിമാലി ചെറുവിള വീട്ടില്‍ വിക്രമന് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2022 നവംബര്‍ 16നാണ് അമിതമായ അളവില്‍ എംസാന്‍ഡ് കയറ്റിയെത്തിയ ടോറസ് ടിപ്പര്‍ ലോറി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഫെനില്‍ ജയിംസിന്റെ നേതൃത്വത്തില്‍ പിടിച്ചത്. തുടര്‍ന്ന് 37,000 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്കി. എന്നാല്‍, വാഹന ഉടമയും ഡ്രൈവറും കോടതിയെ സമീപിച്ചു.
കേസ് പരിഗണിച്ച കോടതി 56,000 രൂപ വീതം പിഴ അടയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം തടവ് അനുഭവിക്കണം. മോട്ടോര്‍ വാഹനവകുപ്പിനായി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുമി പി. ബേബി ഹാജരായി.