റോഡ് കുത്തിപ്പൊളിച്ചിട്ട് ഒരു മാസം; പൊടിയിൽ വലഞ്ഞ് ഇടക്കൊച്ചി
1509176
Wednesday, January 29, 2025 4:18 AM IST
ഇടക്കൊച്ചി: അമൃത്പദ്ധതി വഴി കുടിവെള്ള വിതരണ പൈപ്പുകള്‍ സ്ഥാപിക്കാന്‍ ജല അഥോറിറ്റി കുത്തിപ്പൊളിച്ചിട്ട ഇടക്കൊച്ചി റോഡ് നാട്ടുകാർക്ക് ദുരിതമാകുന്നു. ഒന്നര കിലോമീറ്ററോളം ദൈർഘ്യം വരുന്ന പ്രധാന റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവരാണ് പൊടിശല്യം മൂലം ദുരിതം അനുഭവിക്കുന്നത്.
റോഡിന്റെ കിഴക്കുവശം കുടിവെള്ള വിതരണ പൈപ്പില്ലാത്തതിനാൽ ഇടക്കൊച്ചിയിലെ ഓവർ ഹെഡ് വാട്ടർ ടാങ്ക് മുതൽ അരൂർ പാലം വരെയാണ് ജല അഥോറിറ്റി പൈപ്പ് ഇടുന്നത്. കോഴിക്കൂട് ബസ് സ്റ്റോപ്പ് വരെ റോഡ് പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചു. ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ പൈപ്പിടുന്ന പ്രവൃത്തിതടഞ്ഞു.
പൈപ്പിടുന്നത് പ്രദേശത്തെ ഫ്ലാറ്റുകൾക്ക് വെള്ളം നൽകുന്നതിനാണെന്ന് പറഞ്ഞാണ് അവർ പ്രവൃത്തി തടഞ്ഞത്. പൈപ്പിടൽ പൂർത്തിയായാൽ ഏതാണ്ട് അമ്പതിലേറെ വീടുകൾക്കാണ് കണക്ഷൻ നൽകേണ്ടത്. അമൃത് പദ്ധതിയിലൂടെ സൗജന്യമായി ഇവർക്കെല്ലാം കണക്ഷൻ നൽകുന്നതാണ് പദ്ധതി.
വേനൽ കടുത്തതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിപടലമാണ് നാട്ടുകാർക്ക് വിനയാകുന്നത്. ഒരു മാസത്തിലേറെയായി പൊളിച്ചിട്ടിരിക്കുന്ന റോഡിൽ ദിവസവും നിരവധി തവണ വെള്ളം തളിച്ചാണ് നാട്ടുകാർ പൊടിയെ പ്രതിരോധിക്കുന്നത്.
പൈപ്പിടൽ പൂർത്തിയായാൽ റോഡ് പൂർവസ്ഥിതിയിലാകുന്നതിന് 1.5 കോടി രൂപ പൊതുമരാമത്തിൽ അടച്ചിട്ടുണ്ട്. ഇതിനിടയിലാണ് പ്രവൃത്തി തടഞ്ഞത്. ഇവരുമായി ചർച്ച നടത്തി പൈപ്പിടൽ ജോലി വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ജല അഥോറിട്ടി എക്സി.എൻജിനീയർ പറഞ്ഞു.