കോൺഗ്രസ് നേതാവിനും സുഹൃത്തിനും കുത്തേറ്റ സംഭവം: പ്രതി അറസ്റ്റിൽ
1509181
Wednesday, January 29, 2025 4:18 AM IST
വൈപ്പിൻ: മൊബൈൽ ഫോൺ ചോദിച്ചിട്ട് നൽകാതിരുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ബന്ധുവിനെയും ഇടപെട്ട യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെയും കത്തിക്ക് കുത്തിയ യുവാവിനെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഉണ്ണി എന്നു വിളിക്കുന്ന നായരമ്പലം കളത്തിപ്പറമ്പിൽ മാനുവലാ(21 )ണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി 9.45ന് നായരമ്പലം നെടുങ്ങാടാണ് സംഭവം. കുത്തേറ്റ യൂത്ത് കോൺഗ്രസ് നായരമ്പലം മണ്ഡലം പ്രസിഡന്റ് ലിയോ കുഞ്ഞച്ചനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും നായരമ്പലം കളത്തിപ്പറമ്പിൽ തോമസി(42)നെ ഞാറക്കൽ സർക്കാരാശുപത്രിയിലും പ്രവേശിച്ചു. തോമസിന്റെ ബന്ധുവും അയൽവാസിയുമാണ് അറസ്റ്റിലായ പ്രതി.
ലിയോയ്ക്ക് വയറിനാണ് കുത്തേറ്റത്. തടയാൻ ചെന്ന തോമസിനു കൈവിരലുകൾക്കും തലയ്ക്കും മുറിവേറ്റു. തോമസും സുഹൃത്തായ ലിയോയും രാത്രി തോമസിന്റെ വീട്ടുമുറ്റത്ത് നിൽക്കുമ്പോഴായിരുന്നു മാനുവൽ അവിടേക്ക് ചെന്നത്.
വഴിയിൽ കാണാതായ തന്റെ മൊബൈൽ ഫോൺ തെരയുന്നതിനായി തോമസിന്റെ ഫോൺ ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. ഇതേത്തുടർന്ന് ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്തു ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.