കാൽവരിയിലെ ത്യാഗസ്മരണയിൽ ഇന്നു ദുഃഖവെള്ളിയാചരണം
1543426
Thursday, April 17, 2025 11:45 PM IST
തൊടുപുഴ: കാൽവരിയിലെ മഹാത്യാഗത്തിന്റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളിയാചരിക്കും. മാനവരക്ഷയ്ക്കായി കുരിശിൽ ജീവൻ അർപ്പിച്ച ക്രിസ്തുവിന്റെ ഉദാത്തമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി ദേവാലയങ്ങളിൽ ഇന്നു ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ നടക്കും.
നോന്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങളിലൂടെ ആത്മവിശുദ്ധീകരണത്തിന്റെ ചൈതന്യത്തിലേക്ക് കടന്നുവന്ന വിശ്വാസ സമൂഹം ക്രൂശിതനു പിന്നാലെ പ്രാർഥനാമന്ത്രങ്ങളുമായി കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങൾ ധ്യാനിച്ച് പരിഹാര പ്രദക്ഷിണം നടത്തും. ജില്ലയിൽ എഴുകുംവയൽ, തുന്പച്ചി, ചക്കിക്കാവ് കാർമൽമൗണ്ട്, നെല്ലിക്കാമല നസ്രത്ത്മൗണ്ട് തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് ആയിരങ്ങൾ കുരിശിന്റെ വഴിയുമായി നടന്നുനീങ്ങും.
ദേവാലയങ്ങളിൽ ദുഃഖവെള്ളിയുടെ പ്രത്യേക തിരുക്കർമങ്ങൾ നടക്കും. പീഡാനുഭവ വായന, പരിഹാരപ്രദക്ഷിണം, സ്ലീവ ചുംബനം എന്നിവയുമുണ്ടാകും. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽപള്ളിയിൽ രാവിലെ 6.30നു ദുഃഖവെള്ളി തിരുക്കർമങ്ങൾ. തുടർന്നു വാഴത്തോപ്പ് കുരിശുമലയിലേക്ക് പരിഹാരപ്രദക്ഷിണം.
തൊടുപുഴ ടൗണ്പള്ളിയിൽ രാവിലെ 6.30നു പീഡാനുഭവ തിരുക്കർമങ്ങൾ. 8.30നു ഡിവൈൻ മേഴ്സി ഷ്റൈൻ ഓഫ് ഹോളിമേരി ഗ്രോട്ടോയിലേക്ക് പരിഹാര പ്രദക്ഷിണം, തുടർന്നു പീഡാനുഭവസന്ദേശം. മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ രാവിലെ 6.30നു തിരുക്കർമങ്ങൾ. 8.30നു പരിഹാരപ്രദക്ഷിണം. കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളിയിൽ രാവിലെ 6.15നു പീഡാനുഭവ തിരുക്കർമങ്ങൾ. ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് ജോസഫ് എച്ച്എസ്എസിലേക്ക് പരിഹാര പ്രദക്ഷിണം, പീഡാനുഭവസന്ദേശം. മൂലമറ്റം സെന്റ് ജോർജ് ഫൊറോനപള്ളിയിൽ രാവിലെ ഏഴിന് പീഡാനുഭവ തിരുക്കർമങ്ങൾ. എട്ടിന് പള്ളിയിൽനിന്ന് അശോക കവലയിലേക്കും തിരിച്ച് പള്ളിയിലേക്കും പരിഹാര പ്രദക്ഷിണം. മൈലക്കൊന്പ് സെന്റ് തോമസ് ഫൊറോനപള്ളിയിൽ രാവിലെ 6.30നു തിരുക്കർമങ്ങൾ.
തുടർന്നു പള്ളിയിൽ കുരിശിന്റെ വഴി. വൈകുന്നേരം 3.30നു മടക്കത്താനം കുരിശടിയിലേക്ക് പരിഹാരപ്രദക്ഷിണം. കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽനിന്നു രാവിലെ 7.30നു നെല്ലാപ്പാറ കുരിശുപള്ളിയിലേക്കും തിരിച്ച് പള്ളിയിലേക്കും കുരിശിന്റെ വഴി. 9.30നു പള്ളിയിൽ ദുഃഖവെള്ളി തിരുക്കർമങ്ങൾ.
അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയിൽ രാവിലെ ആറിന് ദുഃഖവെള്ളി തിരുക്കർമങ്ങൾ. തുടർന്ന് എട്ടിന് അശോകക്കവലയിൽനിന്ന് ഇടുക്കി റോഡിലൂടെ തുന്പച്ചി കുരിശുമലയിലേക്ക് പരിഹാര പ്രദക്ഷിണം. മൂലമറ്റം സ്നേഹവില്ലയിൽ ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ രാവിലെ ഏഴിന്. തുടർന്നു പരിഹാര പ്രദക്ഷിണം. കാളിയാർ സെന്റ് റീത്താസ് ഫൊറോനപള്ളിയിൽ രാവിലെ 8.30നു പീഡാനുഭവ ശുശ്രൂഷ. തുടർന്നു കാളിയാർ സെന്റ് ജൂഡ് കപ്പേളയിലേക്കും തിരികെ പള്ളിയിലേക്കും പരിഹാര പ്രദക്ഷിണം.
തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ രാവിലെ 6.30നു പീഡാനുഭവ തിരുക്കർമങ്ങൾ. എട്ടിന് കുരിശിന്റെ വഴി കുഞ്ഞച്ചൻ കുരിശുമലയിലേക്ക്. മാറിക സെന്റ് ജോസഫ് ഫൊറോനപള്ളിയിൽ രാവിലെ 7.30നു തിരുക്കർമങ്ങൾ, കുരിശിന്റെ വഴി. വൈകുന്നേരം 4.30നു പരിഹാരപ്രദക്ഷിണം വഴിത്തല ചാപ്പലിലേക്ക്, തുടർന്നു പീഡാനുഭവസന്ദേശം. ദുഃഖശനിയാഴ്ച രാവിലെ പള്ളികളിൽ തിരുക്കർമങ്ങൾക്കു ശേഷം പുത്തൻവെള്ളം, പുത്തൻതീ വെഞ്ചരിപ്പ്, ജ്ഞാനസ്നാന വ്രതനവീകരണം എന്നിവ നടക്കും.