കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ നവീകരണജോലികള്‍ പുരോഗമിക്കുന്നു
1543430
Thursday, April 17, 2025 11:45 PM IST
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ വികസനപ്രവര്‍ത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. മണ്ണ് നീക്കിയും സംരക്ഷണ ഭിത്തികള്‍ തീര്‍ത്തും പാതയുടെ വീതി വര്‍ധിപ്പിക്കുന്ന ജോലികളാണിപ്പോള്‍ നടക്കുന്നത്. ഓടകളുടെ നിര്‍മാണവും നടക്കുന്നു.കൊച്ചി മുതല്‍ മൂന്നാര്‍ വരെ 125 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 910 കോടി രൂപയ്ക്കാണ് പദ്ധതിയുടെ കരാര്‍ നൽകിയിരിക്കുന്നത്. പദ്ധതിയുടെ 110 കിലോമീറ്റര്‍ ദൂരവും വീതികൂട്ടി നവീകരിക്കാനാണ് പദ്ധതി.
പാതയുടെ വീതി വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും കൊടും വളവുകള്‍ നേരേയാക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. നേര്യമംഗലത്ത് പുതിയ പാലവും പദ്ധതിയിലുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. അഞ്ചു സ്പാനുകളിലായി 42.80 മീറ്റര്‍ നീളത്തില്‍ 13 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിർമിക്കുന്നത്. നിലവില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള പാതയുടെ വീതി കുറവ് തിരക്കേറുന്ന സമയങ്ങളില്‍ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടവരുത്തുന്നുണ്ട്. പാതയുടെ നവീകരണം പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ.