റോഡ് കുത്തിപ്പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
1542790
Tuesday, April 15, 2025 11:54 PM IST
മുട്ടം: ജല്‍ ജീവന് മിഷന് പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാത്തപ്പാറയിലെ റോഡ് കുത്തിപ്പൊളിക്കാന്‍ എത്തിയ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരെയും കരാറുകാരനെയും ഹെവന്‍ വാലി റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.
മാത്തപ്പാറ പ്രദേശത്ത് ഒരു വര്‍ഷം മുന്‍പ് കുത്തിപ്പൊളിച്ച റോഡിലെ ടാറിംഗ് പുനഃസ്ഥാപിച്ചതിന് ശേഷം മറ്റു ജോലികള്‍ ആരംഭിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് നിര്‍മാണം തടസപ്പെടുത്തിയത്.
ഇന്നലെ രാവിലെ 9.30ഓടെയാണ് റോഡ് കുത്തിപ്പൊളിക്കാന്‍ ജെസിബിയുമായി അധികൃതര്‍ പ്രദേശത്ത് എത്തിയത്. മുട്ടം, കുടയത്തൂര്‍, കരിങ്കുന്നം പഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണത്തിന് പൈപ്പ് സ്ഥാപിക്കുന്നതിന് മാത്തപ്പാറയില്‍ വിവിധ പ്രദേശങ്ങളിലെ കുത്തിപ്പൊളിച്ച റോഡിലെ ടാറിംഗ് പുനഃസ്ഥാപിക്കാന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇതിനെതിരേ ഹെവന്‍വാലി റെസിഡന്റ്സ് അസോസിയേഷന് അന്നത്തെ ജില്ലാ കളക്ടര്‍, വാട്ടര്‍ അഥോറിറ്റി അധികൃതര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം ടാറിംഗ് പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാഴ്വാ ക്കായി മാറി. വലിയ ഗര്‍ത്തങ്ങള്‍ നിറഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതേത്തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും റോഡ് കുത്തിപ്പൊളിക്കാന്‍ അധികൃതര്‍ എത്തിയത്.
റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളായ സുനില്‍ അറയ്ക്കക്കണ്ടത്തില്, എം.എ. ഷബീര്‍, പി.പി. ജോസി, സോജി സോമന്, സജോ അരിശേരില് എന്നിവര്‍ വാട്ടര്‍ അഥോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ മാത്തപ്പാറ പ്രദേശത്തെ ടാറിംഗ് ജോലികള്‍ ഏറ്റവും അടുത്ത ദിവസം ആരംഭിക്കാന്‍ തീരുമാനമെടുത്തതിനെത്തുടര്‍ന്ന് പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിക്കുകയായിരുന്നു.