നായയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഉടമയ്ക്കെതിരേ കേസ്
1542793
Tuesday, April 15, 2025 11:54 PM IST
തൊടുപുഴ: വിളിച്ചപ്പോള്‍ അടുത്തേക്ക് വരാത്തതിന് വളര്‍ത്തുനായയെ ഉടമ ക്രൂരമായി മര്‍ദിക്കുകയും പിന്നീട് വെട്ടിപ്പരിക്കേല്‍പ്പിച്ച നായയെ തെരുവില്‍ ഉപേക്ഷിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ മുതലക്കോടം സ്വദേശിക്കെതിരേ തൊടുപുഴ പോലീസ് കേസെടുത്തു.
ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മുതലക്കോടം ഭാഗത്ത് ശരീരമാസകലം മുറിവേറ്റ് ഒരു നായ കിടക്കുന്നതായി കണ്ട നാട്ടുകാര്‍ അനിമല്‍ റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു. തുടര്‍ന്ന് റെസ്ക്യൂ ടീം അംഗങ്ങളായ കീര്‍ത്തിദാസ്, മഞ്ജു എന്നിവര്‍ സ്ഥലത്തെത്തി നായയെ കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ നാട്ടുകാരാണ് നായയ്ക്ക് ഗുരുതരമായി മുറിവേറ്റ സംഭവത്തെപ്പറ്റി വിവരം നല്‍കിയത്.
ഉടമ നായയെ കൂടിനുള്ളില്‍ കയറ്റാന്‍ വിളിച്ചപ്പോള്‍ എത്താത്തതിന്റെ ദേഷ്യത്തില്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നായയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. നായയുടെ നട്ടെല്ലിനോട് ചേര്‍ന്ന് അഞ്ചും ഇതിനു പുറമേ തലയിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായയെ ആശുപത്രിയിലെത്തിച്ച് അവശ്യമായ ചികിത്സ നല്കിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി. നായയുടെ ശസ്ത്രക്രിയ അടക്കം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പൂര്‍ണ ആരോഗ്യവാനാകുന്ന മുറയ്ക്ക് നായയെ ദത്തെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് നല്‍കുമെന്നും റെസ്ക്യൂ ടീം അംഗങ്ങള്‍ പറഞ്ഞു.
അനിമല്‍ റെസ്ക്യൂ ടീമിന്റെ പരാതിയിലാണ് നായയെ ഉപദ്രവിച്ച ഉടമയ്ക്കെതിരേ തൊടുപുഴ പോലീസ് കേസെടുത്തത്.