കുത്തുങ്കൽ പാലത്തിന്റെ അശാസ്ത്രീയ നിർമാണം അപകടം സൃഷ്ടിക്കുമെന്ന് ആക്ഷേപം
1543433
Thursday, April 17, 2025 11:45 PM IST
രാജാക്കാട്: കുത്തുങ്കൽ പാലത്തിന്റെ അശാസ്ത്രീയ നിർമാണം അപകടം സൃഷ്ടിക്കുമെന്ന് നാട്ടുകാർ. കൊടുംവളവിലെ വീതികുറഞ്ഞ പാലമാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. മുൻപ് രാജാക്കാട് ഭാഗത്തേക്ക് ഇരുമ്പ് പൈപ്പുകളും ഷീറ്റും ആയി വന്ന ലോറി നിയന്ത്രണംവിട്ട് 30 അടി താഴ്ചയിൽ പുഴയിലേക്കു പതിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറും സഹായിയും തലനാരിഴയ്ക്കാണ് അന്ന് മരണത്തിൽനിന്നു രക്ഷപ്പെട്ടത്. അപകടം പാലത്തിന്റെ അശാസ്ത്രീയ നിർമാണം മൂലമായിരുന്നെന്ന ആരോപണം ശക്തമായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റോഡ് വീതികൂട്ടി ബിഎംബിസി നിലവാരത്തിൽ കുത്തുങ്കൽ മുതൽ മൈലാടുംപാറ വരെ നിർമിച്ചിരുന്നു. കുത്തുങ്കൽ ജംഗ്്ഷനു സമീപം ചെമ്മണ്ണാർ പുഴയ്ക്ക ു കുറുകെ വർഷങ്ങൾക്കു മുൻപ് നിർമിച്ച നാലു മീറ്റർ വീതിയുള്ള പാലം അതേപടി നിലനിർത്തിയാണ് റോഡ് നവീകരിച്ചത്. വളവു നിവർത്തി പാലം വീതി കൂട്ടി നിർമിക്കണമെന്ന് നിർമാണ ഘട്ടത്തിൽ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്.
ഒൻപതു മീറ്റർ വീതിയിലുള്ള റോഡിനാണ് നാലു മീറ്റർ വീതിയുള്ള കൊടുംവളവിലെ പാലം. ഉടുമ്പൻചോല, സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. വട്ടക്കണ്ണിപ്പാറയിൽനിന്നു സ്ലീവാമല പള്ളിക്കുസമീപം കുത്തിറക്കമാണ്. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ വലിയ വാഹനത്തിൽ ഇറക്കം ഇറങ്ങി വരുമ്പോൾ ഇടുങ്ങിയതും കൊടും വളവിലുള്ളതുമായ പാലം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പാലത്തിന്റെ അശാസ്ത്രീയത എത്രയും വേഗം പരിഹരിച്ച് പ്രദേശത്ത് അപകടസാധ്യത ഒഴിവാക്കണമെന്ന് പൊതുപ്രവർത്തകരും ആവശ്യപ്പെട്ടു.