തിരുവത്താഴ സ്മരണയിൽ ഇന്നു പെസഹാ ആചരണം
1543111
Wednesday, April 16, 2025 11:57 PM IST
തൊടുപുഴ: ക്രിസ്തുനാഥൻ കുരിശുമരണത്തിനു മുന്പ് തന്റെ പ്രിയ ശിഷ്യരുമൊത്ത് അന്ത്യഅത്താഴത്തിൽ പങ്കെടുത്തതിന്റെയും വിശുദ്ധകുർബാന സ്ഥാപിച്ചതിന്റെയും അനുസ്മരണം ഇന്നു ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കും. പെസഹ ആചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങൾ നടത്തും. എളിമയുടെ സന്ദേശം നൽകി ശിഷ്യൻമാരുടെ പാദങ്ങൾ കഴുകിയ ദിവ്യനാഥന്റെ മഹനീയ മാതൃക അനുസ്മരിച്ച് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും വിശുദ്ധകുർബാനയോടനുബന്ധിച്ചു നടക്കും.
തുടർന്നു ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം വീടുകളിൽ പെസഹ ആചരണത്തിന്റെ ഭാഗമായി അപ്പംമുറിക്കൽ ശുശ്രൂഷയും തിരുവചന പാരായണവും പാന വായനയും നടത്തും. കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് അപ്പംമുറിക്കൽ ശുശ്രൂഷയുമുണ്ടാകും. വൈകുന്നേരം ദിവ്യകാരുണ്യ ആരാധനയ്ക്കു ശേഷം ദേവാലയങ്ങളിലും അപ്പംമുറിക്കൽ ശുശ്രൂഷ നടക്കും.
തൊടുപുഴ ടൗണ്പള്ളിയിൽ ഇന്നു രാവിലെ 6.30നു വിശുദ്ധകുർബാന, കാൽകഴുകൽ ശുശ്രൂഷ, തുടർന്നു 10 വരെ ദിവ്യകാരുണ്യആരാധന. വൈകുന്നേരം അഞ്ചുമുതൽ ആറുവരെ നടക്കുന്ന ആരാധനയോടെ സമാപിക്കും. മുതലക്കോടം സെന്റ് ജോർജ് ഫൊറോനപള്ളിയിൽ രാവിലെ 6.30നു വിശുദ്ധകുർബാന, കാൽകഴുകൽ ശുശ്രൂഷ. തുടർന്ന് ആരാധന.