മറയൂരിൽ പറക്കും തവളയെ കണ്ടെത്തി
1543431
Thursday, April 17, 2025 11:45 PM IST
മറയൂർ: പശ്ചിമഘട്ട മഴക്കാടുകളിലെ പറക്കും തവള മറയൂരിൽ വിരുന്നെത്തി. ഇളിത്തേമ്പൻ തവള, പച്ചിലപ്പാറാൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പച്ചത്തവളയെ മറയൂർ ഹോളിഡേയ്സ് ഉടമ ശാരദ ഭവനിൽ ശ്രീജേഷ് ഭാസ്കറിന്റെ വീട്ടുപറമ്പിലാണ് കണ്ടെത്തിയത്.
വീടിനു പിന്നിലെ ഏലച്ചെടിയിൽ ഇരുന്ന തവള അടുത്ത ചെടിയിലേക്കു പറക്കുന്നതുകണ്ടാണ് ശ്രീജേഷ് ശ്രദ്ധിച്ചത്. അടുത്തെത്തി നിരീക്ഷിച്ചപ്പോഴാണ് അപൂർവയിനം തവളയാണെന്നു ബോധ്യമായത്. വിദേശ സഞ്ചാരികളുമായി ധാരാളം യാത്ര നടത്തുന്നയാളും റിസോർട്ടിന്റെ ഉടമയുമാണ് ശ്രീജേഷ്. മഴക്കാടുകളിലെ വലിയ മരങ്ങളിൽ കഴിയുന്ന ഇവയ്ക്ക് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവുണ്ട്. കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേർത്ത സ്തരവും (പാട) വിരലുകൾക്കിടയിലെ ഓറഞ്ചുനിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്.
പറക്കുമ്പോൾ ശരീരത്തിലെ പാട കാറ്റുപിടിക്കത്തക്കവിധം വിടർത്തുകയും കൈകാലുകൾ വലിച്ചുനീട്ടി ശരീരം പരത്തുകയും ചെയ്യും. പറക്കുന്നതിനിടയിൽ വേഗം കുറയ്ക്കാനും കൂട്ടാനും വെട്ടിത്തിരിയാനുമെല്ലാം ഇവയ്ക്കു കഴിയും. ഒറ്റച്ചാട്ടത്തിൽ പതിനഞ്ചുമീറ്റർവരെ ഇവയ്ക്കു പറക്കാൻ സാധിക്കും. പകൽസമയം ഉറങ്ങുകയും രാത്രിയിൽ ഇരതേടുകയുമാണ് ഇവയുടെ രീതി.
വലിയ കണ്ണുകളുള്ള ഇവകൾ ഇലകൾക്കിടയിൽ ഒളിച്ചിരിക്കാനും വിരുതന്മാരാണ്. വംശനാശ ഭീഷണി നേരിടുന്ന ഇവ റെഡ്ബുക്കിൽ സ്ഥാനം പിടിച്ചവയാണ്. റോക്കോഫോറസ് മലബാറിക്കസ് എന്ന് ശാസ്ത്രനാമമുള്ള മലബാർ ഗ്ലൈഡിംഗ് ഫ്രോഗ് എന്ന മരത്തവളയെ വനമേഖലയിലും കുന്നിൻപ്രദേശങ്ങളിലും കാണാം. റെഡ് ബുക്കിൽ ഇടം നേടിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ വനമേഖലയിലെല്ലാം ഇവയുണ്ട്. വനനശീകരണം ഇവയുടെ നിലനില്പിനെ ബാധിക്കുന്നതായി വിദഗ്ധർ പറയുന്നു.