എഴുകുംവയൽ കുരിശുമല കയറ്റത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
1543110
Wednesday, April 16, 2025 11:57 PM IST
കട്ടപ്പന: പ്രാർഥനയുടെയും ഭക്തിയുടെയും നോന്പാചരണത്തിന്റെയും ഭാഗമായി കുരിശുമല കയറാൻ ഒരുങ്ങുന്ന ലക്ഷക്കണക്കിന് വിശ്വാസികളെ സ്വീകരിക്കാൻ തയാറായി എഴുകുംവയൽ ഗ്രാമവും ഗ്രാമവാസികളും. ദുഃഖവെള്ളി ആചരണത്തിനും കുരിശുമല കയറ്റത്തിനും ഉള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
വിവിധ കമ്മിറ്റികളിലായി 500ലധികം വോളണ്ടിയർമാർ സജീവമായ പ്രവർത്തനങ്ങളിലാണ്. ദുഃഖവെള്ളിയാഴ്ച കുരിശുമലയിലെത്തുന്ന വിശ്വാസികൾക്ക് നേർച്ചക്കഞ്ഞിയോടൊപ്പം വിതരണം ചെയ്യുന്നതിനുള്ള അച്ചാർ നിർമാണം മാതാക്കളുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു. തീർഥാടകർക്ക് ആവശ്യമായ യാത്രാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ച രാവിലെ അഞ്ചു മണി മുതൽ കട്ടപ്പനയിൽനിന്നു സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും കുരിശുമല ജംഗ്ഷനിലേക്ക് സർവീസ് നടത്തും. നെടുങ്കണ്ടത്തുനിന്നു രാവിലെ 6.30 മുതൽ കുരിശുമല ജംഗ്ഷനിലേക്ക് കെഎസ്ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും സർവീസ് ഉണ്ടായിരിക്കും.
കൂടാതെ തോപ്രാംകുടിയിൽ നിന്നും മുരിക്കാശേരി, പാണ്ടിപ്പാറ,കുമളി, ഉപ്പുതറ എന്നിവിടങ്ങളിൽനിന്നും കുരിശുമല ജംഗ്ഷനിലേക്ക് ബസ് സർവീസ് ഒരുക്കിയിട്ടുണ്ട്. മല അടിവാരത്തും ഇടവക ദേവാലയ പരിസരത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ട്. അത്യാവശ്യ മെഡിക്കൽ സൗകര്യവും ആംബുലൻസ് സേവനവും വിശ്രമകേന്ദ്രവും ലഭ്യമാണ്. ഓഫീസ് അനൗണ്സ്മെന്റ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കുടിവെള്ളം, നേർച്ചക്കഞ്ഞിവയ്ക്കാനുള്ള കമ്മിറ്റികൾ എന്നിവ സജീവമായി പ്രവർത്തിക്കും.
കട്ടപ്പനയിൽ നിന്നുള്ള വാഹനങ്ങൾ ഇരട്ടയാർ-വലിയതോവാള-അഞ്ചുമുക്ക് വഴിയും നെടുങ്കണ്ടത്തു നിന്നുള്ള വാഹനങ്ങൾ ചേന്പളം-കൗന്തി വഴിയും ഇടുക്കി, തങ്കമണി ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ ശാന്തിഗ്രാം-വെട്ടിക്കാമറ്റം വഴിയും അടിമാലി-ചിന്നാർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഈട്ടിത്തോപ്പ്- പുത്തൻപാലം വഴിയും മഞ്ഞപ്പാറ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ തൂവൽ-കൈലാസനഗർ വഴിയും മലയടിവാരത്ത് എത്തേണ്ടതാണ്.
മാർ ജോണ് നെല്ലിക്കുന്നേൽ നേതൃത്വം നൽകുന്ന കുരിശിന്റെ വഴികളിലൂടെയുള്ള പരിഹാര പ്രദക്ഷിണം, ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് കുരിശുമല അടിവാരത്തുള്ള ടൗണ് കപ്പേളയിൽനിന്ന് ആരംഭിക്കും. തുടർന്ന് തിരുക്കർമങ്ങൾ തീർഥാടക ദേവാലയത്തിൽ മാർ ജോണ് നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുമെന്നു തീർഥാടക ദേവാലയ ഡയറക്ടർ ഫാ.തോമസ് വട്ടമല, ഫാ. ലിബിൻ വള്ളിയാംതടത്തിൽ, ഫാ. ആന്റണി പാലാപുളിക്കൽ എന്നിവർ അറിയിച്ചു. വാഹന സംബന്ധമായ വിവരങ്ങൾക്ക് 9447521827 എന്ന നന്പറിൽ ബന്ധപ്പെടാം.