തൊമ്മന്‍കുത്തിൽ കുരിശ് നീക്കിയതിനെതിരേ പ്രതിഷേധം അലയടിക്കുന്നു
1542796
Tuesday, April 15, 2025 11:54 PM IST
കുരിശിനോടുള്ള അവഹേളനം അംഗീകരിക്കാനാവില്ല
തൊടുപുഴ: തൊമ്മന്‍കുത്ത് പള്ളിയുടെ ഭാഗമായി നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കിയ വനംവകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കുരിശിനെ അവഹേളിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നത് പ്രതിഷേധാര്‍ഹമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത സമിതി. പട്ടയം ഇല്ലാത്ത സ്ഥലങ്ങളെല്ലാം തങ്ങളുടേതാണെന്ന വനംവകുപ്പിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല.
അറുപതും എഴുപതും വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കാത്തത് കര്‍ഷകരുടെ തെറ്റല്ല. ജോയിന്റ് വെരിഫിക്കേഷന് പൂര്‍ത്തിയാക്കി പട്ടയം നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമാണ്. തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിച്ചു പട്ടയം നല്‍കാതിരിക്കുകയും പിന്നീട് അങ്ങനെയുള്ള സ്ഥലങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുന്നത് നെറികേടും ജനവഞ്ചനയുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ജണ്ട സ്ഥാപിച്ചതിന് പുറത്തുള്ളതും 60 വര്‍ഷങ്ങളായി കൈവശമുള്ളതുമായ സ്ഥലത്ത് കുരിശ് സ്ഥാപിച്ചത് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല എന്നുള്ളത് വെല്ലുവിളിയാണ്. ഇതിനടുത്ത് സര്‍ക്കാരിന്റെ ഇഎംഎസ് ഭവനപദ്ധതിയില്പ്പെടുത്തിയുള്ള വീടുകള്‍ ഉള്‍പ്പെടെ നിര്‍മിച്ചിട്ടുണ്ട്. പട്ടയമുള്ള സ്ഥലവും ഇതിനടുത്തു തന്നെയുണ്ടെങ്കിലും ഭൂരിപക്ഷം പേര്‍ക്കും പട്ടയം ലഭിച്ചിട്ടില്ല.
വനംവകുപ്പിന്റെ നടപടിയില്‍ വിശ്വാസിസമൂഹത്തിനുണ്ടായ മുറിവുണക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്, ജനറല്‍ സെക്രട്ടറി മാത്തച്ചന് കളപ്പുരക്കല്‍, ട്രഷറര്‍ തമ്പി പിട്ടാപ്പിള്ളില്‍, സി.എ. തോമസ്, യു.വി. ചാക്കോ, ബിന്ദു ജോസ്, മേരി ആന്റണി, ഷൈജു ഇഞ്ചക്കല്‍, ജിജി പുളിക്കല്‍, ആന്റണി പുല്ലന്, ജോര്‍ജ് മങ്ങാട്ട്, അബി കാഞ്ഞിരപ്പാറ, ജോണ്‍ മുണ്ടന്‍കാവില്‍, ജോയ്സ് മേരി ആന്റണി, മാത്യു അഗസ്റ്റിന്, ബേബിച്ചന് നിധീരിക്കല്‍, ബെന്നി തോമസ്, ജോര്‍ജ് കുര്യാക്കോസ്, ജിനു ആന്റണി, ജോണി ജേക്കബ്, കെ.എം. ജോസഫ്, ഇ.എം. പൈലി, വി.ജെ. റോജോ, സനില്‍ പി. ജോസ്, അമിതാ ജോണി, ജോസ് കുര്യന്, റോയ് മാത്യു, അഞ്ചു ജോസ് എന്നിവര്‍ പ്രസംഗിച്ചു.
കുരിശ് നശിപ്പിച്ച നടപടി വെല്ലുവിളി: കേരള കോണ്‍ഗ്രസ്-എം
തൊടുപുഴ: തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി സ്ഥാപിച്ച കുരിശ് നശിപ്പിച്ച വനംവകുപ്പിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോണ്‍ഗ്രസ്-എം തൊടുപുഴ നിയോജകമണ്ഡലം നേതൃയോഗം. 65 വര്‍ഷത്തിലധികമായി കൈവശത്തിലുള്ള ഭൂമിയിലാണ് പള്ളിയുടെ നേതൃത്വത്തില്‍ കുരിശ് സ്ഥാപിച്ചത്. ഈ പ്രദേശത്തെ വസ്തുവിന്റെ പട്ടയനടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി കൈവശക്കാര്‍ക്ക് പട്ടയം നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നതാണ്.
കൂടാതെ ജോയിന്റ് വെരിഫിക്കേഷനും സര്‍വേ നടപടികളും പൂര്‍ത്തിയായതാണ്. ഈ ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചത്. ജണ്ടയ്ക്കു പുറത്തുള്ള കൈവശഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ വനംവകുപ്പിന് അവകാശമില്ല. കര്‍ഷകരുടെ കൈവശമുള്ള കൃഷിസ്ഥലങ്ങളും റവന്യു ഭൂമിയും കൈയേറി വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള വനംവകുപ്പിന്റെ ഗൂഢ നീക്കമാണിത്. ഇത് അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു. പ്രഫ. കെ.ഐ. ആന്റണി, അഗസ്റ്റിന് വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ, മനോജ് മാമല, ജോണി മുണ്ടയ്ക്കല്‍, സെബാസ്റ്റ്യന്‍ ആടുകുഴിയില്‍, ബിജു ഇല്ലിക്കല്‍, ലിയോ ജോയി എന്നിവര്‍ പ്രസംഗിച്ചു. നേതാക്കള്‍ കുരിശ് തകര്‍ത്ത സ്ഥലത്തിനു പുറമേ തൊമ്മന്‍കുത്ത് പള്ളി വികാരിയെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
കുരിശു തകര്‍ത്തത് മതവികാരം വ്രണപ്പെടുത്താന്‍
തൊടുപുഴ: തൊമ്മന്‍കുത്ത് പള്ളിയുടെ അധീനതയിലുള്ളതും വര്‍ഷങ്ങളായി കൈവശത്തില്‍ ഉള്ളതും പട്ടയനടപടികള്‍ക്കായി മുന്നോട്ടു പോകുന്നതുമായ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് തകര്‍ത്തത് മതവികാരത്തെ വ്രണപ്പെടുത്താനുള്ള വനം ഉദ്യോഗസ്ഥ ശ്രമമാണെന്ന് കെപിസിസി ന്യൂനപക്ഷ വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. യോഗം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. ഷാജഹാന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സണ്ണി മണര്‍കാട് പ്രമേയം അവതരിപ്പിച്ചു. പി.ജെ. തോമസ്, അബ്ദുള്‍ കരിം, പി.എസ്. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
യുഡിഎഫ് സംഘം സന്ദര്‍ശിച്ചു
തൊമ്മന്‍കുത്ത്: പള്ളിയുടെ സ്ഥലത്തുനിന്ന കുരിശ് പിഴുത സംഭവത്തില്‍ സെന്റ് തോമസ് പള്ളി വികാരിക്കും വിശ്വാസികള്‍ക്കും എല്ലാ പിന്തുണയും നല്‍കുമെന്ന് യുഡിഎഫ് പ്രതിനിധി സംഘം ഉറപ്പു നല്കി. ഇത് വനംവകുപ്പിന്റെയും പിണറായി സര്‍ക്കാരിന്റെയും നീചമായ നടപടിയാണെന്നും കുരിശ് പുനഃസ്ഥാപിച്ച് വിശ്വാസിസമൂഹത്തോടും കോതമംഗലം രൂപതയോടും മാപ്പു പറയാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു, മണ്ഡലം കണ്‍വീനര്‍ ബേബി വട്ടക്കുന്നേല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
മാസങ്ങളായി മുള്ളരിങ്ങാട് മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന കാട്ടാനശല്യത്തിന് പരിഹാരം കണ്ടെത്താന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ല. കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിട്ട് നാലു മാസം കഴിഞ്ഞിട്ടും ഈ മേഖലയില്‍ പ്രതിരോധ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് തയാറായിട്ടില്ലെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
പിന്തുണയുമായി ബിജെപി
വണ്ണപ്പുറം: കുരിശിനെ അവഹേളിച്ച പിണറായി സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്നും ആരാധനാ സ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കാന്‍ എല്ലാവിധ പിന്തുണയും ബിജെപി നല്‍കുമെന്നും മണ്ഡലം ജനറല്‍ സെക്രട്ടറി ജി. സുരേഷ്കുമാര്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിറിള്‍ കെ. ജയിംസ്, കെ.യു. രമ്യാമോള് തുടങ്ങിയവര്‍ പറഞ്ഞു.