പഴക്കട ജപ്തി ചെയ്തത് ഹൈക്കോടതി സ്റ്റേ ചെയ്തു
1543122
Wednesday, April 16, 2025 11:57 PM IST
അടിമാലി: വാഴക്കുല വ്യാപാരിയുടെ കട ജപ്തി ചെയ്ത കേരള ബാങ്ക് നടപടി ഹൈക്കോടതി രണ്ടു ദിവസത്തേക്ക് സ്റ്റേ ചെയ്തു. കട ജപ്തി ചെയ്ത് സീൽ ചെയ്തതോടെ ലക്ഷക്കണക്കിന് രൂപയുടെ ഏത്തക്കുലകളും പഴങ്ങളും ഉള്ളിലിരുന്ന് അഴുകിനശിക്കുന്ന സ്ഥിതിയായിരുന്നു. ഇതേത്തുടർന്നു കടയുടമയ്ക്ക് ഇവ നീക്കം ചെയ്യുന്നതിനാണ് രണ്ടു ദിവസം സാവകാശം അനുവദിച്ച് ഉത്തരവായത്.
മാർക്കറ്റിംഗ് സൊസൈറ്റിയിൽനിന്ന് സ്ഥലം വാടകയ്ക്കെടുത്ത് കട നിർമിച്ചായിരുന്നു അക്ബർ വ്യാപാരം നടത്തിവന്നിരുന്നത്. അക്ബറിന് ബാങ്കുമായി നേരിട്ട് ഇടപാടില്ലെങ്കിലും മാർക്കറ്റിംഗ് സൊസൈറ്റിയിലെ കുടിശിക ഈടാക്കുന്നതിനാണ് കഴിഞ്ഞ ദിവസം ബാങ്ക് കട ജപ്തി ചെയ്തത്. ജപ്തി സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും കടയ്ക്കുള്ളിലെ സ്റ്റോക്ക് നീക്കാൻ അവസരം നൽകാതെയാണ് ബാങ്കധികൃതർ സ്ഥാപനം പൂട്ടിയതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കടയുടമ ഹൈക്കോടതിയെ സമീപിച്ചത്.