ട്രൈബല്‍ ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം
1542792
Tuesday, April 15, 2025 11:54 PM IST
ഇടുക്കി: അടിമാലി മന്നാംകാലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ട്രൈബല്‍ ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതി രൂപരേഖയ്ക്ക് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് അധികൃതര്‍ അനുമതിയും ഫണ്ടും ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്. അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറെ നേരിട്ട് വിളിച്ചുവരുത്തിയാണ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഒന്നിലെയും രണ്ടിലെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന പരാതിയിലാണ് ഉത്തരവ്.
ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെട്ടിടങ്ങള്‍ നവീകരിക്കുന്നതിന് 31,50,000ഉം 34,50,000ഉം രൂപയുടെ രണ്ട് എസ്റ്റിമേറ്റുകള്‍ ഭരണാനുമതിക്കും ഫണ്ട് അനുവദിക്കുന്നതിനുമായി 2022 ഡിസംബര്‍ ഒന്നിന് പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്ടര്‍ക്ക് അയച്ചതായി പറയുന്നു. എന്നാല്‍ ഡയറക്ടര്‍ തീരുമാനമെടുത്തിട്ടില്ല. കമ്മീഷന് നിര്‍ദ്ദേശാനുസരണം എസ്റ്റിമേറ്റ് സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പില്‍ സമര്‍പ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നതായി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു.
ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് പരാതികള്‍ക്ക് പരിഹാരം കാണും. കുട്ടികള്‍ക്ക് കിടക്ക വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഇക്കാര്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ ഡയറക്ടര്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു. അനുമതിയും ഫണ്ടും ലഭ്യമാക്കി പൊതുമരാമത്ത് കെട്ടിട വിഭാഗത്തെക്കൊണ്ട് പണി പൂര്‍ത്തീകരിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കൃഷ്ണമൂര്‍ത്തി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.