–സര്‍ക്കാരിന്റെ പത്താം വാര്‍ഷികം: യുഡിഎഫ് ഉപവാസ സമരം നടത്തും
1542797
Tuesday, April 15, 2025 11:54 PM IST
തൊടുപുഴ: ജനങ്ങളുടെ മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചും വാഗ്ദാന ലംഘനം നടത്തിയും മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു പതിറ്റാണ്ടു കാലത്തെ ഭരണം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 28ന് കട്ടപ്പനയില്‍ പ്രതിഷേധ റാലിയും ഉപവാസ സമരവും നടത്തുമെന്ന് ചെയര്മാന് ജോയി വെട്ടിക്കുഴിയും കണ്‍വീനര്‍ പ്രഫ. എം.ജെ. ജേക്കബും പത്രസമ്മേളനത്തില്‍ അറിയിച്ചു.
2016 മേയ് 26ന് ജില്ലയിലെ എട്ട് വില്ലേജുകളില്‍ കെട്ടിട നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തി ആരംഭിച്ച കര്‍ഷകദ്രോഹ നടപടികള്‍ തുടരുകയാണ്. 2019 ഓഗസ്റ്റ് 22ന് ജില്ലയില്‍ മാത്രം സമ്പൂര്‍ണ കെട്ടിട നിര്‍മാണ നിരോധനം ഏര്‍പ്പെടുത്താനും നിര്‍മിച്ചവയുടെ പട്ടയം റദ്ദാക്കി സര്‍ക്കാരിന് ഏറ്റെടുക്കാനുമുള്ള ഉത്തരവിനെതിരേ എല്ലാ രാഷ്ട്രീയ കക്ഷികളും ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുകയും ചെയ്തു.
2019 ഡിസംബര്‍ 17ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തൊട്ടടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭൂപതിവ് നിയമം ഭേദഗതി ചെയ്ത് നിര്‍മാണ നിരോധനം പിന്‍വലിക്കുമെന്ന് പിണറായി നല്കിയ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടില്ല. ചട്ട ഭേദഗതിയിലൂടെ പരിഹരിക്കാമായിരുന്ന വിഷയം നാലു വര്‍ഷത്തിനുശേഷം നടത്തിയ നിയമ ഭേദഗതിയിലൂടെ സങ്കീര്‍ണമാക്കി ഇന്നും വ്യക്തതയില്ലാതെ അനിശ്ചിതത്വത്തില്‍ തുടരുകയാണ്. പത്തുചെയിന്‍ പ്രദേശത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കാമെന്ന യുഡിഎഫ് തീരുമാനം അട്ടിമറിച്ചു.
ജില്ലയ്ക്കായി പ്രഖ്യാപിച്ച 12,000 കോടിയുടെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നാലു വര്‍ഷത്തിനിടെ കര്‍ഷകര്‍ക്ക് നല്കിയ ആനുകൂല്യങ്ങളും തുകയും വ്യക്തമാക്കണം, കൂടാതെ ഇടുക്കി പാക്കേജിനെ സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് ഇടപെടല്‍ നടത്തിയില്ലെങ്കില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏകാധിപതികളാക്കിയുള്ള വന നിയമ ഭേദഗതി സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമായിരുന്നു. വന്യമൃഗ ആക്രമണം നിയന്ത്രിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തില്‍ കെ.എം.എ. ഷുക്കൂര്‍, സുരേഷ് ബാബു, എം.കെ. പുരുഷോത്തമന്, ടി.എസ്. ഷംസുദ്ദീന്, എന്‍.ഐ. ബെന്നി എന്നിവരും പങ്കെടുത്തു.