വെള്ളക്കെട്ട് മൂന്നു മാസത്തിനകം പരിഹരിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1543118
Wednesday, April 16, 2025 11:57 PM IST
ഇടുക്കി: പീരുമേട് താലുക്ക് ആശുപത്രിക്കു മുന്നിൽ വെള്ളക്കെട്ട് രൂപം കൊള്ളുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാൻ മൂന്നു മാസത്തിനകം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. കാഞ്ഞിരപ്പള്ളി അസി. എക്സിക്യൂട്ടീവ് എൻജിനിയർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്.
പീരുമേട് ഫോറസ്റ്റ് സ്റ്റേഷനു മൂന്നിലായി അനധികൃതമായി നിർമിച്ച റാന്പ് കാരണമാണ് വെള്ളക്കെട്ട് ഉണ്ടാകുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ കമ്മീഷനെ അറിയിച്ചു. ഇതു പൊളിക്കാൻ പീരുമേട് ഫോറസ്റ്റ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. ദേശീയപാത വിഭാഗത്തിന്റെ അനുമതിയില്ലാതെയാണ് റാന്പ് നിർമിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
റാന്പ് ഇതുവരെ പൊളിച്ചില്ലെങ്കിൽ നീക്കം ചെയ്യാനുള്ള നടപടി ദേശീയപാത അധികൃതർ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മൂന്നു മാസത്തിനകം പരാതിക്ക് പൂർണ പരിഹാരം കാണണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പരാതി പരിഹരിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കണം. പീരുമേട് സ്വദേശി പി.പി. മജീദ് നൽകിയ പരാതിയിലാണ് നടപടി.