ഡോളിക്ക് ഇനി സ്നേഹമന്ദിരം അഭയകേന്ദ്രം
1543117
Wednesday, April 16, 2025 11:57 PM IST
ചെറുതോണി: നാളുകളായി വാളറ, അടിമാലി പ്രദേശത്തുകൂടി അലഞ്ഞു നടന്നിരുന്ന ഡോളി ഷാജിയെ അടിമാലി പോലീസ് പടമുഖം സ്നേഹമന്ദിരത്തിലെത്തിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഏകദേശം 58 വയസ് പ്രായം തോന്നിക്കുന്ന ഡോളി സ്നേഹമന്ദിരത്തിൽ എത്തുമ്പോൾ തീർത്തും അവശ നിലയിലായിരുന്നു. കാലിന്റെ വിരലിനു സാരമായ പരിക്കുണ്ട്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. പഞ്ചായത്ത് അധികൃതരുടെയും നാട്ടുകാരുടെയും സഹായംകൊണ്ടാണ് ഇത്രയുംനാൾ ജീവിച്ചു വന്നത്.
മക്കൾ ജീവിച്ചിരിപ്പുണ്ടെന്ന് പറയുന്നു. റോഡരികിലും കടത്തിണ്ണയിലും മറ്റുമാണ് ഇവർ അന്തിയുറങ്ങിയിരുന്നത്. നിരാലംബയായ ഡോളിയുടെ അവസ്ഥകൾ മനസിലാക്കി സ്നേഹമന്ദിരം ഡയറക്ടർ വി.സി. രാജു ഇവരെ ഏറ്റെടുക്കുകയായിരുന്നു. ഡോളി ഷാജിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്ന ബന്ധുക്കളോ പരിചയക്കാരോ ഉണ്ടെങ്കിൽ സ്നേഹമന്ദിരവുമായി ബന്ധപ്പെടണം. ഫോൺ - 9447463933, 9744287214.