പെരുമ്പന്‍കുത്ത് ആറാംമൈല്‍- അന്പതാംമൈല് റോഡ് നിര്‍മാണം പുനരാരംഭിച്ചു
1543427
Thursday, April 17, 2025 11:45 PM IST
അടിമാലി: മുടങ്ങിക്കിടന്നിരുന്ന മാങ്കുളം പഞ്ചായത്തിലെ പെരുമ്പന്‍കുത്ത് ആറാം മൈല്‍-അന്പതാംമൈല് റോഡ് നിര്‍മാണം പുനരാരംഭിച്ചു. പഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകളിലായുള്ള ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡ് 2018ലെ പ്രളയത്തിലാണ് തകര്‍ന്നത്. പിന്നീട് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മാണത്തിനായി തുക അനുവദിച്ച് 2022 മാര്‍ച്ച് 26ന് നിര്‍മാണ ഉദ്ഘാടനം നടത്തുകയും ചെയ്തു. 270 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാനായിരുന്നു കരാര്‍. എന്നാല്‍, കരാറുകാർ നിര്‍മാണ ജോലികള്‍ ആരംഭിച്ചെങ്കിലും പണികള്‍ പാതി വഴിയില്‍ നിര്‍ത്തിയതോടെ നാട്ടുകാര്‍ പ്രതിസന്ധിയിലായി.
നിര്‍മാണമാരംഭിച്ച് മൂന്നു വര്‍ഷം പിന്നിട്ടിട്ടും പണികള്‍ പൂര്‍ത്തീകരിക്കാതെ വന്നതോടെ പ്രതിഷേധവും ശക്തമായി. ഇതിനെതുടർന്നാണ് റോഡിന്റെ നിര്‍മാണ ജോലികള്‍ പുനരാരംഭിച്ചത്. മുമ്പ് റോഡിന്റെ മണ്‍ജോലികള്‍ നടത്തുകയും മെറ്റല്‍ വിരിക്കുകയും ചില കലുങ്കുകളുടെ നിര്‍മാണം നടത്തുകയും ചെയ്തിരുന്നു. ടാറിംഗ് ജോലികളും ഓടകളുടെയും മറ്റും നിര്‍മാണ ജോലികളും ചിലയിടങ്ങളില്‍ ടൈല്‍ വിരിക്കേണ്ട ജോലികളുമാണ് അവശേഷിക്കുന്നത്.
പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ചിക്കണംകുടി സ്കൂളിലേക്കുള്ള ഏക റോഡ് കൂടിയാണിത്. കാല്‍നടയാത്ര പോലും ദുഃസഹമായ റോഡിലൂടെയാണ് നിലവില്‍ ആളുകള്‍ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ പുറം ലോകത്തേക്ക് യാത്ര ചെയ്യുന്നത്.