പെസഹ കടന്നുപോകലിന്റെ തിരുനാൾ: മാർ ജോൺ നെല്ലിക്കുന്നേൽ
1543429
Thursday, April 17, 2025 11:45 PM IST
വാഴത്തോപ്പ്: പെസഹ തിരുനാളിന് ഈശോ പുതിയൊരു മാനം നൽകുകയാണ്. ദൈവവുമായി നാം നടത്തിയിട്ടുള്ള ഉടമ്പടിയുടെ പുതുക്കൽ കൂടിയാണ് പെസഹായെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ പെസഹാ തിരുനാൾ തിരുക്കർമങ്ങളിൽ സന്ദേശം നൽകുകയായിരുന്നു രൂപതാധ്യക്ഷൻ.
പെസഹ കടന്നുപോകലിന്റെ തിരുനാളാണ്. കൂടാതെ, പെസഹാ തിരുനാൾ പൗരോഹിത്യം സ്ഥാപിച്ച ദിനം കൂടിയാണ്. നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രം വിശുദ്ധ കുർബാനയാണ്. വിശുദ്ധ കുർബാന ക്രിസ്തുവിന്റെ സ്നേഹത്തിന്റെ അടയാളമാണ്. വിശുദ്ധ കുർബാന സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമാണ്.
പെസഹാ തിരുനാളിൽ നടത്തുന്ന കാലു കഴുകൽ ദേവാലയത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല. ഇത് ഓരോ വീടുകളിലും തുടരേണ്ടതാണ്. രോഗിയായി വീട്ടിൽ കഴിയുന്നവരെ സ്നേഹപൂർവം ശുശ്രൂഷിക്കുമ്പോൾ അവിടെ ക്രിസ്തു പഠിപ്പിച്ച എളിമയുടെയും ത്യാഗത്തിന്റെയും പാഠങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ്.
സമൂഹത്തിലും കുടുംബത്തിലുമെല്ലാം ഐക്യവും സ്നേഹവും കളിയാടാൻ നാം പരിശ്രമിക്കണം. സമൂഹത്തിൽ നടമാടുന്ന തിന്മയുടെയും അനൈക്യത്തിന്റെയും സ്നേഹരാഹിത്യത്തിന്റെയും വാർത്തകൾ നമ്മെ അലോസരപ്പെടുത്തുന്നു. ഇതിൽനിന്നു സമൂഹത്തെ രക്ഷിക്കാനുള്ള മാർഗം സ്നേഹത്തിന്റെ ദൂതുമായി ജീവിക്കുക എന്നതു മാത്രമാണ്.
ഒരു സ്നേഹസംസ്കാരം പടുത്തുയർത്താൻ പരിശ്രമിക്കേണ്ടതും ഐക്യത്തിന്റെ സാഹചര്യങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഈശോ ശിഷ്യൻമാരുടെ കാലുകൾ കഴുകിയതിനെ അനുസ്മരിപ്പിച്ച് ബിഷപ് 12 പേരുടെ കാലുകൾ കഴുകി ചുംബിച്ചു. പെസഹാ തിരുക്കർമങ്ങളിൽ രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ, ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ഫാ. മാത്യു അഴകനാക്കുന്നേൽ, ഫാ. ജോസഫ് കണ്ടത്തിൽ, ഫാ. അമൽ മണിമലക്കുന്നേൽ എന്നിവർ സഹകാർമികരായി.