ആശുപത്രി നിർമാണം: സർക്കാർ എതിർ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി
1543116
Wednesday, April 16, 2025 11:57 PM IST
മൂന്നാർ: മൾട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ നിർമാണത്തിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ സർക്കാരിനോട് എതിർ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.
2024 മേയ് 19ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ഒരു വർഷത്തിനകം ആശുപത്രി നിർമാണം ആരംഭിക്കണമെന്നും അല്ലാത്ത പക്ഷം പദ്ധതി റദ്ദാകുമെന്നും സൂചിപ്പിച്ചിരുന്നു. ഈ കാലാവധി പൂർത്തിയാകാനിരിക്കെ പ്രാഥമിക നടപടികൾ പോലും എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സർക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബഞ്ച് എതിർ സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്.
പദ്ധതി നഷ്ടമാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെന്റർ ഫോർ പ്രൊട്ടക്ഷൻ ഓഫ് സോഷ്യൽ ജസ്റ്റീസ് എന്ന മനുഷ്യാവകാശ സംഘടന കോടതിയിൽ നൽകിയ റിട്ട് ഹർജിയിലാണ് കോടതി സർക്കാരിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ എതിർ സത്യവാങ്്മൂലം നൽകിയിരിക്കണം. ഹൈക്കോടതി ഡിവിഷൻ ബഞ്ചിലെ ജസ്റ്റീസ് അനിൽ നരേന്ദ്രനാണ് ഉത്തരവ് നൽകിയത്. അടിയന്തര സാഹചര്യമുണ്ടെങ്കിൽ അവധിക്കാല കോടതിയെ സമീപിക്കാനും അനുമതി നൽകിയിട്ടുണ്ട്.
ദേവികുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപം സർവേ നന്പർ 201-ൽ ഉൾപ്പെട്ട അഞ്ചേക്കർ ഭൂമിയിൽ 78.25 കോടി രൂപയിലാണ് നിർമാണം നടത്താൻ തീരുമാനിച്ചിരുന്നത്. റവന്യൂ വകുപ്പിന്റെ അധീനതയിൽ ഉള്ള ഭൂമി ഉടമസ്ഥാവകാശം വകുപ്പിൽ തന്നെ നിലനിർത്തി കൈവശാവകാശത്തിനും ഉപയോഗത്തിനുമായി ആരോഗ്യവകുപ്പിന് നൽകണമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥലം വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
പദ്ധതിയുടെ നിയന്ത്രണാധികാരംകെഎസ്ഇബിക്കായിരുന്നു അനുവദിച്ചിരുന്നത്. പദ്ധതിയിൽ താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി പിന്മാറുകയും ചെയ്തു. ബന്ധപ്പെട്ട വകുപ്പുകളും ഉദാസീനത കാട്ടിയതോടെയാണ് പദ്ധതി റദ്ദാകുമെന്ന അവസ്ഥയിൽ എത്തിയത്. സംസ്ഥാന മെഡിക്കൽ, റവന്യു വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിർദിഷ്ട ഭൂമി ആശുപത്രി നിർമാണത്തിന് അനുയോജ്യമാണെന്ന് ലാൻഡ് റവന്യൂ കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ആശുപത്രി നിർമാണത്തിനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.
സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ഗവർണർ ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് ആദിവാസികൾ ഉൾപ്പെടെയുള്ള മേഖലയിൽ മെച്ചപ്പെട്ട ചികിത്സയോ വിദഗ്ധ ചികിത്സയോ ലഭിക്കാൻ മണിക്കൂറുകൾ യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം പദ്ധതി നഷ്ടപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് മനുഷ്യാവകാശ സംഘടന കോടതിയെ സമീപിച്ചത്.