വഞ്ചിവയൽ കോളനിവികസനം: എംഎൽഎ ഫണ്ട് അനുവദിക്കണം
1543121
Wednesday, April 16, 2025 11:57 PM IST
ഇടുക്കി: വഞ്ചിവയൽ ആദിവാസി കോളനിയിലേക്ക് കുടിവെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് പീരുമേട് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച മൂന്നരക്കോടി രൂപ ധനവകുപ്പിൽനിന്നു അടിയന്തരമായി അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ഫണ്ട് ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിച്ച് വഞ്ചിവയൽ കോളനിയിൽ അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. വഞ്ചിവയൽ കോളനിയിൽ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതിനെതിരേ പൊതുപ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി. എംഎൽഎയുടെ പ്രതിനിധിയും പഞ്ചായത്ത്, വനം അധികൃതരും കോളനി സന്ദർശിച്ചതായി കമ്മീഷൻ സിറ്റിംഗിൽ ഹാജരായ പഞ്ചായത്ത് അസിസ്റ്റന്റ് എൻജി നിയർ അറിയിച്ചു. എംഎൽഎ, അനുവദിച്ച തുകയ്ക്ക് എസ്റ്റിമേറ്റ് എടുത്തതായും വനംവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അറിയിച്ചു. ഫണ്ട് അനുവദിക്കുന്നത് ധനവകുപ്പിന്റെ പരിഗണനയിലാണെന്നും ലഭിച്ചാലുടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറി എത്രയും വേഗം ധനവകുപ്പിൽനിന്ന് അനുമതി ലഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തി പരാതിക്ക് പരിഹാരം കാണണമെന്ന് ജസ്റ്റീസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.