വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് മാട്ടുക്കട്ട സ്വദേശി ജിനു ജോണ്സണ് തട്ടിയത് ലക്ഷങ്ങള്‍
1543120
Wednesday, April 16, 2025 11:57 PM IST
കട്ടപ്പന: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ കട്ടപ്പന പോലീസ് പഞ്ചാബിലെ മൊഹാലിയില്‍നിന്ന് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട മാട്ടയില്‍ ജിനു ജോണ്സണ്(39) ആണ് പിടിയിലായത്. മാള്‍ട്ട, ന്യൂസിലന്‍ഡ്, പോളണ്ട് എന്നിവിടങ്ങളില്‍ കെയര്‍ടേക്കര്‍ ജോലി വാഗ്ദാനം ചെയ്ത് പത്തിലേറെ ആളുകളില്‍നിന്ന് ഇയാള്‍ മൂന്നു മുതല്‍ നാലര ലക്ഷം രൂപ വരെ തട്ടിയെടുത്തിട്ടുള്ളതായാണ് പരാതിയുള്ളത്. മാട്ടുക്കട്ടയില്‍ ഇയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ജനസേവന കേന്ദ്രത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.
കട്ടപ്പന പോലീസ് സ്റ്റേഷനില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരില്‍നിന്ന് ആകെ 17 ലക്ഷത്തോളം രൂപ കബളിപ്പിച്ചു. ഉപ്പുതറ സ്റ്റേഷന്‍പരിധിയിലും നിരവധിപേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ഏഴുമാസം മുമ്പ് ഏതാനും ആളുകളുടെ വിസ വന്നിട്ടുണ്ടെന്നും ഇതിന്റെ ആവശ്യത്തിനായി ഇയാൾ പഞ്ചാബിലേക്ക് പോകുകയാണെന്നും ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിച്ചു.
മാസങ്ങള്‍ പിന്നിട്ടിട്ടും ജിനുവിനെ ഫോണില്‍ കിട്ടാതായതോടെ ആളുകള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കട്ടപ്പന പോലീസ് മൊഹാലിയിലെ സിരക്പൂരിലെത്തിയാണ് ജിനുവിനെ അറസ്റ്റ് ചെയ്തത്. കട്ടപ്പന, ഉപ്പുതറ മേഖലകളിലായി നിരവധിപേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. വരുംദിവസങ്ങളില്‍ ഇവരും പരാതികള്‍ നല്‍കും. കട്ടപ്പന ഡിവൈഎസ്പി വി. എ. നിഷാദ്മോന്റെ മേല്‍നോട്ടത്തില്‍ എസ്ഐ ബിജു ഡിജു ജോസഫ്, എസ് സിപിഒ അനൂപ്, സുരേഷ് ബി. ആന്റോ എന്നിവരാണ് പ്രതിയെ പിടികൂടിയത്.