കട്ടപ്പനയിൽ മൂന്ന് ആരോഗ്യകേന്ദ്രങ്ങൾ ഒരുമിച്ച് നാടിനു സമർപ്പിക്കുന്നു
1543119
Wednesday, April 16, 2025 11:57 PM IST
കട്ടപ്പന: കട്ടപ്പനയിൽ മുന്ന് സൗജന്യ ആരോഗ്യ കേന്ദ്രങ്ങൾ ഒരുമിച്ചു നാടിന് സമർപ്പിക്കുന്നു.
കട്ടപ്പന നഗര സഭയുടെ കിഴിൽ കാൻസർ രോഗ നിർണയ കേന്ദ്രം, നഗരജനകീയ ആരോഗ്യ കേന്ദ്രം, സ്പെഷാലിറ്റി ഡെന്റൽ ക്ലിനിക് എന്നിവയാണ് നാടിന് സമർപ്പിക്കുന്നത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്ന പാറക്കടവിലെ കെട്ടിടത്തിലാണ് മുന്ന് ആരോഗ്യ കേന്ദ്രങ്ങളും ഒരുമിച്ചു പ്രവർത്തിക്കുന്നത്.
22ന് ഉച്ചയ്ക്ക് 12ന് മന്ത്രി റോഷി അഗസ്റ്റിൻ കാൻസർ രോഗ നിർണയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം പിയും സ്പെഷാലിറ്റി ഡെന്റൽ ക്ലിനിക് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോണും നിർവഹിക്കും. നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന താലൂക്കാശുപത്രിയുടെ മേൽനോട്ടത്തിൽ ജില്ലയിൽ ആദ്യമായാണ് ഒരു കാൻസർ രോഗനിർണയ കേന്ദ്രം ആരംഭിക്കുന്നത്.
ദന്ത ചികിത്സാരംഗത്ത് ജില്ലയിൽ ആദ്യമായി കേന്ദ്രസർക്കാർ സഹകരണത്തോടെ നഗരസഭയുടെ നിയന്ത്രണത്തിൽ സ്പെഷാലിറ്റി ഡെന്റൽ ക്ലിനിക്കിനും തുടക്കമാകുകയാണ്. ഒരു കോടിയോളം രൂപ ചെലവഴിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാന്പത്തിക സഹായവും ആരോഗ്യവകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രത്യേക പരിഗണനയും നിമിത്തമാണ് മൂന്ന് കേന്ദ്രങ്ങൾ ഒരുമിച്ച് പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിട്ടുള്ളത് എന്ന് നഗരസഭ ചെയർപേഴ്സണ് ബീന ടോമി പത്ര സമ്മേളനത്തിൽ പറഞ്ഞു.
വൈസ് ചെയർമാൻ അഡ്വ. കെ.ജെ. ബെന്നി, കൗണ്സിലർമാരായ ജോയി വെട്ടിക്കുഴി, ജോയി ആനിത്തോട്ടം, സിബി പാറപ്പായി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.