കീരിത്തോടിന്റെ വാനമ്പാടിക്ക് നാട് കണ്ണീരോടെ വിടനൽകി
1543113
Wednesday, April 16, 2025 11:57 PM IST
ചെറുതോണി: കീരിത്തോട് ഗ്രാമത്തിലും കഞ്ഞിക്കുഴി എസ്എൻഹൈസ്കൂളിലും ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്ന് ഏവരുടെയും സ്നേഹഭാജനമായിരുന്ന അനിൻഡയ്ക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. നേര്യമംഗലം-മണിയമ്പാറ ബസപകടത്തിൽ മരിച്ച അനിൻഡയുടെ ചേതനയറ്റ ശരീരം കീരിത്തോട്ടിലെ വീട്ടിലെത്തിച്ച ചൊവ്വാഴ്ച രാത്രി മുതൽ ഒരു ഗ്രാമം മുഴുവൻ തെക്കുമറ്റം വീട്ടിലേക്കു ഒഴുകിയെത്തുകയായിരുന്നു. ഇന്നലെ രാവിലെ ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വീട്ടിലെത്തി പ്രാർഥിച്ചു. ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെ നൂറുകണക്കിനാളുകൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജ്യേഷ്ഠ സഹോദരി അമാൻഡയെ കാണാനായി കെഎസ്ആർടിസി ബസിൽ അമ്മ മിനിയോടൊപ്പം പോകുമ്പോഴായിരുന്നു അപകടം. പിതാവ് തെക്കുമറ്റത്തിൽ ബെന്നി ആറു വർഷങ്ങൾക്കുമുമ്പ് കാൻസർ രോഗം പിടിപെട്ട് മരണമടഞ്ഞിരുന്നു. പിന്നീട് കൂലിപ്പണി ചെയ്തും തൊഴിലുറപ്പിനുപോയുമാണ് മിനി രണ്ടു മക്കളെയും വളർത്തിയത്.
മൂത്ത മകൾ അമാൻഡ നഴ്സിംഗ് വിദ്യാർഥിനിയാണ്. അനിൻഡ കഞ്ഞിക്കുഴി എസ്എൻ ഹൈസ്കൂളിൽ നിന്ന് ഈ വർഷം ഒൻപതാം ക്ലാസ് പരീക്ഷയെഴുതി പത്തിലേക്കു പ്രവേശനം നേടിയിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്ന അനിൻഡ സ്കൂളിലും കത്തിപ്പാറത്തടം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലും ഗായക സംഘത്തിലംഗമായിരുന്നു. നൃത്തത്തിലും മിടുക്കിയായിരുന്ന അനിൻഡ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൂടിയാണ്.
പരിചയമുള്ളവരോടെല്ലാം കുശലാന്വേഷണം നടത്തിയിരുന്ന അച്ചൂട്ടി എന്നു വിളിക്കുന്ന അനിൻഡ കത്തിപ്പാറത്തടത്തിലെ ഇടവക പള്ളിയിലും കഞ്ഞിക്കുഴിയിലെ സ്കൂളിലുമെല്ലാം നിറസാന്നിധ്യമായിരുന്നു. നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് പതിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത് കീരിത്തോട് സ്വദേശിനി അച്ചൂട്ടിയാണെന്നറിഞ്ഞതോടെ കീരിത്തോട് ഗ്രാമം ശോകമൂകമായിരുന്നു. കുമളിയില്‍നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ടപ്പോൾ പുറത്തേക്കു തെറിച്ചു വീണ അനിൻഡ ബസിനടിയിൽപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തകർ കോതമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അനിൻഡയുടെ മൃതദേഹം പൊതുദർശനത്തിനു ശേഷം കത്തിപ്പാറത്തടം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.