മൂന്നാറിന് ഇനി മോടി കൂടും
1539331
Friday, April 4, 2025 12:03 AM IST
മൂന്നാർ: മൂന്നാർ ടൗണ്‍ വർണങ്ങളാൽ ഇനി മോടി പിടിക്കും. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മൂന്നാർ ടൗണിലെ ചുമരുകളിലും അനുയോജ്യമായ സ്ഥലങ്ങളിലും ചിത്രങ്ങൾ വരയ്ക്കുന്ന പദ്ധതിക്ക് തുടക്കമായി. മൂന്നാറിന്റെ പരിസ്ഥിതിയും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഇടകലർത്തിയുള്ള ചിത്രങ്ങളാണ് വരയ്ക്കുന്നത്. മൂന്നാർ ടൗണിന്റെ പ്രധാന ഭാഗത്തുള്ള മാർക്കറ്റിന്റെ ചുമരിൽ ചിത്രങ്ങൾ വരച്ചാണ് പരിപാടിക്കു തുടക്കമിട്ടിരിക്കുന്നത്.
മാലിന്യമുക്ത പരിപാടിയുടെ ഭാഗമായി കഴിഞ്ഞ മാസം നടത്തിയ രണ്ടായിരം പേർ പങ്കെടുത്ത സീറോ വെയ്സ്റ്റ് മെഗാ ഡ്രൈവ് കാന്പയിൻ ഏറെ ശ്രദ്ധ നേടിയിരുന്നു. സംസ്ഥാനതലത്തിൽ പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അവതരിപ്പിച്ചിരുന്നു. രണ്ടാഴ്ചയ്ക്കിടെ 55 ടണ്‍ മാലിന്യമാണ് ശേഖരിച്ചത്.
പരിപാടി വിജയിച്ചതോടെ അത് തുടരുവാനും മൂന്നാർ ടൗണ്‍ മനോഹരമാക്കി ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയുമാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. മൂന്നാർ പഞ്ചായത്ത്, ശുചിത്വ മിഷൻ, ഹിൽദാരി എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നാർ ടൗണ്‍ വർണമണിയുന്നത്.