ഓടനിർമാണം വൈകി: വ്യാപാര സ്ഥാപനങ്ങളിൽ വെള്ളംകയറി
1539654
Friday, April 4, 2025 11:51 PM IST
കരിമണ്ണൂർ: നെയ്യശേരി-തോക്കുന്പൻ സാഡിൽ റോഡ് വികസനത്തിന്റെ ഭാഗമായി കരിമണ്ണൂർ ജംഗ്ഷൻ ഭാഗത്ത് ഓട നിർമിക്കാത്തതുമൂലം വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ചു.
കരിമണ്ണൂർ ജംഗ്ഷനിൽനിന്നു തൊമ്മൻകുത്ത് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം മണ്ണിട്ട് ഉയർത്തിയെങ്കിലും ഇവിടെ ഓട നിർമിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ഇതേത്തുടർന്നു ശക്തമായ മഴ പെയ്താൽ ഞൊടിയിടയിൽ റോഡിലൂടെ എത്തുന്ന മലിനജലം വ്യാപാരസ്ഥാപനങ്ങളിലേക്ക് ഒഴുകിയെത്തും.
ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയിൽ നിരവധി വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി നാശം സംഭവിച്ചു. അടിയന്തരമായി ഈ ഭാഗത്ത് ഓട നിർമിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അടക്കമുള്ളവർക്ക് വ്യാപാരികൾ പരാതി നൽകിയിരുന്നു. സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ വ്യാപാരി പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ എത്രയും വേഗം നിലവിലുള്ള ഓട പുനർനിർമിച്ച് വെള്ളം ഒഴുകുന്നതിനുള്ള ക്രമീകരണം ചെയ്യാമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.
മഴപെയ്താൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയാണ് നിലവിൽ. അതിനാൽ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കരിമണ്ണൂർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. റോഡ് നിർമാണത്തിന്റെ ഭാഗമായുള്ള കലുങ്ക് നിർമാണം പലയിടങ്ങളിലും ഇനിയും പൂർത്തിയായിട്ടില്ല.
നെയ്യശേരി പള്ളി, കോട്ടക്കവല എന്നിവിടങ്ങളിലെല്ലാം കലുങ്ക് നിർ്മാണം നടന്നുവരുന്നതേയുള്ളു. അതിനാൽ പലയിടങ്ങളിലും ടാറിംഗും പൂർത്തിയായിട്ടില്ല. തൊമ്മൻകുത്ത് പാലത്തിന്റെ നിർമാണമടക്കമുള്ള ജോലികളും അവശേഷിക്കുകയാണ്. മഴക്കാലം ആരംഭിക്കുന്നതിനു മുന്പ് റോഡ് നിർമാണം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.