മംഗളാദേവി ചിത്രപൗർണമി: ഭക്തരുടെ സുരക്ഷ ഉറപ്പാക്കും
1539645
Friday, April 4, 2025 11:51 PM IST
ഇടുക്കി: മേയ് 12ന് നടക്കുന്ന മംഗളാദേവി ചിത്രപൗർണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിനു മുന്നോടിയായി ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ ഇടുക്കി-തേനി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ വിലയിരുത്തി. ഇതിനായുള്ള അന്തർ സംസ്ഥാനയോഗം കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്നു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെയും തേനി ജില്ലാ കളക്ടർ രഞ്ജിത്ത് സിംഗിന്റെയും നേതൃത്വത്തിലായിരുന്നു യോഗം.
പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് സുരക്ഷിതമായ ക്ഷേത്രദർശനത്തിന് എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
ട്രാക്ടറുകളിൽ ഭക്തർക്കായി ഭക്ഷണം എത്തിക്കും. 18 വയസിൽ താഴെയുള്ള കുട്ടികളെ ട്രാക്ടറുകളിലെത്താൻ അനുവദിക്കില്ലെന്നും വൈകുന്നേരം 5.30ന് ശേഷം ക്ഷേത്രപരിസരത്ത് ആരേയും തങ്ങാൻ അനുവദിക്കില്ലെന്നും അധികൃതർ പറഞ്ഞു. ഭക്തരിൽനിന്നു യാതൊരുവിധ തുകയും ഈടാക്കാൻ പാടില്ല. ആർടിഒ നിഷ്കർഷിക്കുന്ന തുക ആയിരിക്കും ട്രിപ്പ് വാഹനങ്ങൾ ഈടാക്കുക. 18,000 മുതൽ 20,000 വരെ ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
ഡിസ്പോസിബിൾ പാത്രങ്ങളിൽ കുടിവെള്ളമോ ഭക്ഷണമോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. മല കയറുന്ന ജീപ്പ് പോലെയുള്ള നാലു ചക്രവാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ഇരു ചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല.
ക്ഷേത്രത്തിലേക്കു പോകാനുള്ള വാഹനങ്ങൾക്ക് കുമളി ചെക്ക് പോസ്റ്റിനു സമീപം മേയ് ഏഴു മുതൽ ഒൻപതുവരെ രാവിലെ 10 മുതൽ നാലു വരെ ഇരു സംസ്ഥാനങ്ങളുടെയും ആർടിഒമാരുടെ നേതൃത്വത്തിൽ ഫിറ്റ്നസ് പരിശോധിച്ച് പാസ് അനുവദിക്കും.
കുമളി ബസ് സ്റ്റാൻഡ്, അമലാംബിക സ്കൂൾ, കൊക്കരക്കണ്ടം എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റ് ഏർപ്പെടുത്തി വാഹനങ്ങൾ പരിശോധിക്കും. ഒന്നാം ഗേറ്റിലും ക്ഷേത്രപരിസരത്തും കണ്ട്രോൾ റൂം സ്ഥാപിക്കും. പരിസ്ഥിതി സൗഹൃദമല്ലാത്ത അലങ്കാര വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. പടക്കങ്ങളും പൊട്ടിത്തെറിക്കുന്ന ഉത്പന്നങ്ങളും പാടില്ല. സുരക്ഷയുടെ ഭാഗമായി കൊക്കരകണ്ടത്ത് ദുരന്തലഘൂകരണ യൂണിറ്റ് പ്രവർത്തിക്കും. പ്രഥമശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘത്തിന്റെ സേവനവും ഐസിയു ആംബുലൻസ് ഉൾപ്പെടെ 10 ആംബുലൻസുകളുടെ സൗകര്യവും മലമുകളിൽ ഏർപ്പെടുത്തും. വിഷ ചികിത്സയ്ക്കുള്ള സൗകര്യവും ഏർപ്പെടുത്തും.
പ്ലാസ്റ്റിക് ബോട്ടിലുകളിൽ കുടിവെള്ളം അനുവദിക്കില്ല. അഞ്ച് ലിറ്റർ കാൻ ഉപയോഗിക്കാം. 13 പോയിന്റുകളിൽ കുടിവെള്ളം ഒരുക്കും. ലഹരി ഉത്പന്നങ്ങൾ അനുവദിക്കില്ല. എക്സൈസ് ഉദ്യോഗസ്ഥർ ഇത് ഉറപ്പ് വരുത്തും. ഡ്രോണ് ഉപയോഗിക്കാനും അനുമതിയില്ല. കൂടുതൽ ടോയ്ലറ്റുകൾക്കു പുറമേ മലയാളത്തിലും തമിഴിലും ദിശാ സൂചന ബോർഡുകളും സ്ഥാപിക്കും. മാലിന്യം വനത്തിൽ നിക്ഷേപിക്കരുതെന്നും നിർദേശമുണ്ട്.
ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, മേഘമല ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ആനന്ദ്, തേനി ഡിഎഫ്ഒ ആർ. സമർഥ, പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഡയറക്ടർ ഐ.എസ്. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.