തൊടുപുഴ നഗരസഭ: അധ്യക്ഷനെ ഇന്നറിയാം
1539652
Friday, April 4, 2025 11:51 PM IST
തൊടുപുഴ: നഗരസഭാ അധ്യക്ഷനെ തെരഞ്ഞെടുപ്പ് ഇന്നു രാവിലെ 11ന് കൗണ്‍സിൽ ഹാളിൽ നടക്കും. ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗാണ് വരണാ ധികാരി. ചെയർപേഴ്സണായിരുന്ന സിപിഎം അംഗം സബീന ബിഞ്ചുവിനെ യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ യുഡിഎഫ് അംഗം ചെയർമാനായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. രണ്ടു തവണ യുഡിഎഫിലെ പടലപ്പിണക്കം മൂലം അധ്യക്ഷ പദവി എൽഡിഎഫിന് ലഭിക്കുകയായിരുന്നു. ഇത്തവണ തർക്കങ്ങളെല്ലാം മാറ്റിവച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ഇടഞ്ഞതോടെയാണ് സബീന ബിഞ്ചു ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന തർക്കം പരിഹരിക്കാനും സംസ്ഥാന നേതൃത്വം ഇടപെട്ടിരുന്നു.
ഒരു കൗണ്‍സിലറെ കൂറുമാറ്റ നിയമ പ്രകാരം അയോഗ്യനാക്കിയിരിക്കുന്നതിനാൽ 35 അംഗ കൗണ്‍സിലിൽ ഇപ്പോൾ 34 അംഗങ്ങളുമാണുള്ളത്. ഇപ്പോൾ യുഡിഎഫിന് 14 അംഗങ്ങളുടെ പിന്തുണയുണ്ട്. എൽഡിഎഫിന് 12 ഉം ബിജെപിക്ക് എട്ടംഗങ്ങളാണുള്ളത്. മുൻ ചെയർപേഴ്സനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തതിന്റെ പേരിൽ ബിജെപിയിലെ എട്ടംഗങ്ങളിൽ നാലു പേരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
യുഡിഎഫിൽനിന്നു കോണ്‍ഗ്രസിലെ കെ. ദീപക് ആയിരിക്കും ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുക. അംഗങ്ങൾക്ക് നേതൃത്വം വിപ്പ് നൽകിയിട്ടുണ്ട്. മുൻ ചെയർമാൻ സനീഷ് ജോർജ് ഉൾപ്പെടെ 14 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്.
എൽഡിഎഫ് സ്ഥാനാർഥിയായി മുൻ ചെയർപേഴ്സണ്‍ മിനി മധുവായിരിക്കും മത്സരരംഗത്തുണ്ടാകുക. അംഗങ്ങൾക്ക് വിപ്പും നൽകിയിട്ടുണ്ട്. നിലവിൽ 12 അംഗങ്ങളുള്ള എൽഡിഎഫിന് വിജയിക്കണമെങ്കിൽ രണ്ടംഗങ്ങളുടെ പിന്തുണ കൂടി വേണം. യുഡിഎഫിൽനിന്ന് അംഗങ്ങളെ അടർത്തിയെടുത്ത് ഭരണം പിടിക്കാനുള്ള കാര്യമായ നീക്കം മുന്നണി തലത്തിൽ നടത്തിയിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ തവണ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട സബീന ബിഞ്ചുവിന്റെ മങ്ങിയ പ്രകടനവും എൽഡിഎഫിനു ക്ഷീണമായി.
തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾക്ക് ജില്ലാ നേതൃത്വം വിപ്പു നൽകിയിട്ടുണ്ട്. യുഡിഎഫിന്റെ അവിശ്വാസത്തെ അനുകൂലിച്ച് വോട്ടു ചെയ്തതിന്റെ പേരിൽ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവർക്കും വിപ്പ് നൽകിയിട്ടുണ്ട്. അവരും നേതൃത്വത്തിന്റെ നിർദേശം അംഗീകരിച്ച് തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കും.
ഈ ഭരണ സമിതിയുടെ ആദ്യ ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലിക്കേസിൽ ഉൾപ്പെട്ടതോടെയാണ് രാജിവച്ചത്. എൽഡിഎഫ് പിന്തുണയോടെ ചെയർമാനായ സനീഷ് ജോർജ് ഇപ്പോൾ യുഡിഎഫിനൊപ്പമാണ് നിൽക്കുന്നത്. പിന്നീട് വന്ന സബീന ബിഞ്ചു മുസ്ലിം ലീഗ് പിന്തുണയോടെയാണ് അപ്രതീക്ഷിതമായി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നത്തെ തെരഞ്ഞെടുപ്പോടെ മൂന്നാമത്തെ അധ്യക്ഷനാണ് ചുമതലയേൽക്കുക.