മൂലമറ്റം എക്സൈസ് ഓഫീസ് നിർമാണം: 1.8 കോടി അനുവദിച്ചു
1539330
Friday, April 4, 2025 12:03 AM IST
തൊടുപുഴ: മൂലമറ്റം എക്സൈസ് റേഞ്ച് ഓഫീസ് നിർമാണത്തിനായി സർക്കാർ 1.8 കോടി അനുവദിച്ചു. നിലവിൽ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസിനു പുതിയ മന്ദിരം വേണമെന്ന നിരന്തര ആവശ്യത്തെത്തുടർന്നാണ് തുക അനുവദിച്ചത്. വെള്ളിയാമറ്റം പഞ്ചായത്തിലെ കലയന്താനിയിൽ പഞ്ചായത്ത് വിട്ടുനൽകിയ എട്ട് സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുന്നത്.
നിലവിൽ വെള്ളിയാമറ്റത്ത് പഞ്ചായത്ത് വക കെട്ടിടത്തിലാണ് എക്സൈസ് റേഞ്ച് ഓഫീസ് പ്രവർത്തിച്ചു വരുന്നത.് ഇവിടെ എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ 24 ഉദ്യോഗസ്ഥരാണ് സേവനമനുഷ്ഠിക്കുന്നത്.
പരിമിതമായ സൗകര്യത്തിൽ വീർപ്പുമുട്ടിയാണ് ഇവർ കഴിഞ്ഞുവരുന്നത്.
തൊണ്ടിമുതൽ സൂക്ഷിക്കാനുള്ള മതിയായ സൗകര്യം പോലും ഇവിടെയില്ല. ജീവനക്കാർക്ക് താമസത്തിനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല.
വെള്ളിയാമറ്റം, മുട്ടം, കുടയത്തൂർ, ആലക്കോട്, അറക്കുളം തുടങ്ങിയ പഞ്ചായത്തുകളുടെ കീഴിലുള്ള പ്രദേശങ്ങളാണ് ഓഫീസിന്റെ പരിധിയിൽ വരുന്നത്. വാഗമണ്‍ വരെയുള്ള വിശാലമായ പ്രദേശങ്ങളും ഇതിൽപ്പെടും.
അടുത്തിടെ എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വിൽപ്പനയും കടത്തും വ്യാപകമായി വർധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ എക്സൈസ് അധികൃതരുടെ നേതൃത്വത്തിൽ ഉൗർജിതമായ പരിശോധനകൾ നടത്തിവന്നിരുന്നു.
പിടിയിലായവരിൽ സിനിമാരംഗത്തുള്ളവർ വരെ ഉൾപ്പെടുന്നു. കുട്ടികൾ ഉൾപ്പെടെയുള്ള ലഹരിക്കടത്തിന്റെ കാരിയർമാരായി മാറിയ കേസുകളും പിടികൂടിയിരുന്നു.
ഈ സാഹചര്യത്തിലാണ് ആധുനിക സംവിധാനങ്ങളോടുകൂടിയ ഓഫീസ് വേണമെന്ന ആവശ്യം ഉയർന്നിരുന്നത്. ഇതിനാണ് ഇപ്പോൾ സർക്കാർ തലത്തിൽ പരിഹാരമാകുന്നത്.