കാർഷികമേഖലയിൽ മോഷണം പതിവാകുന്നു
1539643
Friday, April 4, 2025 11:51 PM IST
നെടുങ്കണ്ടം: കാർഷികമേഖലയിൽ മോഷണം പതിവാകുന്നു. പകൽ സമയം വാഹനങ്ങളിലെത്തിയാണ് കാർഷികോത്പന്നങ്ങൾ മോഷ്ടിക്കുന്നത്. ഇതോടെ മാവടി, കാരിത്തോട്, പെരിഞ്ചാംകുട്ടി മേഖലകളിലെ കർഷകർ പൊറുതിമുട്ടുകയാണ്. വാഹനങ്ങളിൽ എത്തുന്ന യുവാക്കളുടെ സംഘം ഏലക്കായും കുരുമുളകും വാഴക്കുലയുമടക്കം മോഷ്ടിച്ചുകടത്തുന്നുണ്ട്.
കൃഷിയിടത്തിൽ നിൽക്കുന്ന വാഴക്കുല, മുറ്റത്ത് ഉണക്കാൻ ഇട്ടിരിക്കുന്ന കുരുമുളക്, തോട്ടങ്ങളിൽനിന്നു സ്റ്റോറിലെത്തിക്കാൻ സൂക്ഷിക്കുന്ന ഏലക്ക, മറ്റ് കാർഷികോത്പന്നങ്ങൾ തുടങ്ങിയവയാണ് സ്ഥിരമായി മോഷണം പോകുന്നത്. കാർഷികോത്പന്നങ്ങളുടെ വിളവെടുപ്പ് സീസണായതിനാൽ മേഖലയിലെ ഭൂരിപക്ഷം കർഷകരും കൃഷിസ്ഥലത്തായിരിക്കും. ഈ അവസരം മുതലെടുത്താണ് മോഷണം നടത്തുന്നത്.
കഴിഞ്ഞദിവസം വാഴക്കുലമോഷ്ടിക്കുന്നതിനിടെ നാട്ടുകാർ എത്തിയതോടെ സംഘം കടന്നുകളയുകയായിരുന്നു. മാരകായുധങ്ങളുമായാണ് ഇവർ മോഷണത്തിനെത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു. വാടകയ്ക്കെടുക്കുന്ന വാഹനങ്ങളിലാണ് ഇവർ മേഖലയിലെത്തി മോഷണം നടത്തുന്നത്.
ലഹരി സംഘങ്ങളാണ് മോഷണത്തിനു പിന്നിലെന്നും സംശയമുയർന്നിട്ടുണ്ട്. മോഷണം സംബന്ധിച്ച് നെടുങ്കണ്ടം, ഉടുന്പൻചോല, വെള്ളത്തൂവൽ പോലീസ് സ്റ്റേഷനുകളിൽ നാട്ടുകാർ പരാതി നൽകി. മേഖലയിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.