മിന്നൽപരിശോധന: 14 ടോറസ് ലോറികൾ പിടികൂടി
1539322
Friday, April 4, 2025 12:03 AM IST
തൊടുപുഴ: നിയമം ലംഘിച്ച് കരിങ്കല്ല് കയറ്റി പായുന്ന ടിപ്പർ, ടോറസ് ലോറികളെ കുടുക്കാൻ ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന്റെ നിർദേശപ്രകാരം നടത്തിയ മിന്നൽ പരിശോധനയിൽ കുടുങ്ങിയത് 14 വാഹനങ്ങൾ. ഇന്നലെ പുലർച്ചെയായിരുന്നു എസ്പിയുടെ പ്രത്യേക സ്ക്വാഡ് തൊടുപുഴ മേഖലയിൽ മിന്നൽ പരിശോധന നടത്തിയത്. 12 ടോറസ് ലോറികൾ, ഒരു ടിപ്പർ, ഒരു മിനി ടിപ്പർ എന്നിവയാണ് പിടി കൂടിയത്.
മൈനിംഗ് ആന്ഡ് ജിയോളജി വകുപ്പിന്റെ പാസും ജിഎസ്ടി ബില്ലും ഇല്ലാതെ അനധികൃതമായി കരിങ്കല്ലു കടത്തിയ വാഹനങ്ങളാണ്് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. അമിതമായി ലോഡു കയറ്റിയ വാഹനങ്ങളും പിടികൂടിയവയിൽ ഉൾപ്പെടും. അമിതവേഗത്തിൽ പായുന്ന ലോറികളിൽനിന്നു കരിങ്കല്ലും മറ്റും റോഡിലേക്ക് വീഴുന്നതായി പോലീസിനു പരാതി ലഭിച്ചിരുന്നു.
ഇന്നലെ പുലർച്ചെയാണ് തൊടുപുഴ സബ് ഡിവിഷനു കീഴിൽ പ്രത്യേക സംഘം വിവിധ റോഡുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തിയത്. രാവിലെ ആറിനു ശേഷമാണ് ക്രഷറുകളിൽനിന്നു വാഹനങ്ങൾക്ക് കരിങ്കല്ല് കൊണ്ടുപോകാനുള്ള പാസ് നൽകുന്നത്. എന്നാൽ ഇതിലും നേരത്തേതന്നെ വാഹനങ്ങളിൽ പാസില്ലാതെ അമിതലോഡ് കയറ്റി പോകുകയാണ് ഇവർ ചെയ്യുന്നത്. കൂടുതൽ ട്രിപ്പ് എടുക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ പാസില്ലാതെ ലോഡ് കയറ്റി പായുന്നത്.
നിയമാനുസൃതമായ പാസില്ലാതെ കരിങ്കല്ല് കടത്തുന്നതിനാൽ സർക്കാരിനു ലഭിക്കേണ്ട നികുതിയും വലിയ തോതിൽ നഷ്ടമാകും. ഇത്തരത്തിൽ വ്യാപകമായി നടന്നുവന്നിരുന്ന നിയമലംഘനത്തിനാണ് എസ്പി ഇടപെട്ട് തടയിട്ടത്.
മൈനിംഗ് ആന്ഡ് ജിയോളജി വകുപ്പിനും ജിഎസ്ടി വകുപ്പിനും മോട്ടോർ വാഹന വകുപ്പിനും റിപ്പോർട്ട് നൽകുമെന്നും പിടികൂടിയ വാഹനങ്ങൾക്ക് പിഴ ഈടാക്കുമെന്നും പോലീസ് പറഞ്ഞു. എസ്എച്ച്ഒമാരായ എസ്. മഹേഷ്കുമാർ, സുബിൻ തങ്കച്ചൻ, എസ്ഐമാരായ എൻ.എസ്. റോയി, ബൈജു പി. ബാബു, ജോബി ജോസഫ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.
നിരത്തുകളിൽ ജീവനെന്തു വില?
തിരക്കേറിയ റോഡുകളിൽ പോലും മറ്റു വാഹനങ്ങളെ പരിഗണിക്കാതെയും മനുഷ്യജീവനു പുല്ലുവില കൽപ്പിച്ചുമാണ് പലപ്പോഴും ടിപ്പർ, ടോറസ് ലോറികളുടെ പരക്കംപാച്ചിൽ. ടിപ്പർ, ടോറസ് ലോറികളിൽ ലോഡ് കയറ്റിപ്പോകുന്നതിന് നിഷ്കർച്ചിരിക്കുന്ന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഇവയുടെ സഞ്ചാരം. ശരിയായ രീതിയിൽ മൂടാതെ, വലിയ പാറക്കഷണങ്ങൾ ഏതുനിമിഷവും പുറത്തേക്കു തെറിച്ചുവീഴുമെന്ന നിലയിലാണ് പല ടിപ്പറുകളും പായുന്നത്.
അനുവദനീയമായതിലും കൂടുതൽ ഭാരവുമായാണ് വഴിയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഭീഷണിയായി ടോറസ് ലോറികൾ അമിതവേഗത്തിൽ പായുന്നത്. പിന്നാലെ വരുന്ന വാഹന, കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ മണലും മെറ്റലുമായി പോകുന്ന ലോറികളുടെ മുകൾഭാഗം പൂർണമായി മൂടണമെന്നാണു നിയമം. എന്നാൽ ഇതു കൃത്യമായി പാലിക്കാറില്ല.
പലപ്പോഴും പിന്നാലെ വരുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്തേക്ക് മെറ്റലും പൊടിയുമൊക്കെ വീഴുന്ന സ്ഥിതിയാണ്. അമിതവേഗത്തിൽ വളവുകൾ തിരിയുന്പോൾ ലോറിയിൽനിന്നു മെറ്റലും പാറക്കല്ലുകളും റോഡിലേക്കു വീഴുന്നതും അപകടഭീഷണി ഉയർത്തുന്നുണ്ട്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയായി നിരോധിതസമയത്തും ചീറിപ്പായുന്ന ടിപ്പറുകൾ കാണാം. രാവിലെ 8.30 മുതൽ പത്തു വരെയും വൈകുന്നേരം 3.30 മുതൽ 4.30 വരെയും ടിപ്പർ, ടോറസ് ലോറികൾ തിരക്കേറിയ റോഡുകളിൽ ഓടുന്നതിനു ജില്ലയിൽ നിരോധനമുണ്ട്. എന്നാൽ ഇതു ലംഘിച്ചും ലോറികൾ ഓടുന്നുണ്ട്.
ഇതിനു പുറമേ ഇവയിൽ കയറ്റുന്ന സാധനസാമഗ്രികളുടെ അളവിലും വ്യക്തതയില്ല. അമിത അളവിൽ മണ്ണും കല്ലും പാറ ഉത്പന്നങ്ങളും കയറ്റിയാണ് റോഡിൽക്കൂടി ലോറികൾ അതിവേഗത്തിൽ പോകുന്നത്.
അമിതലോഡ് കയറ്റുന്ന വാഹനങ്ങൾ പിടികൂടാറുണ്ടെങ്കിലും പിന്നെയും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടുകയാണ്.