യുഡിഎഫ് രാപകൽ സമരം
1539648
Friday, April 4, 2025 11:51 PM IST
തൊടുപുഴ: സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരേയും ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക, ട്രഷറി നിയന്ത്രണം പിൻവലിക്കുക, കർഷകരുടെ വായ്പ പലിശ എഴുതിത്തളളുക, ജപ്തി നടപടികൾ നിർത്തിവയ്ക്കുക, ആശ വർക്കർമാർക്ക് മിനിമം വേതനം 21,000 രൂപ നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചും യുഡിഎഫിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ രാപകൽ സമരം നടത്തി.
യുഡിഎഫ് തൊടുപുഴ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ രാപകൽ സമരം പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കോടിയേരി ബാലകൃഷ്ണന്റെ മകൻ കേസിൽ പ്രതിയായപ്പോൾ എടുത്ത സമീപനം മുഖ്യമന്ത്രിയുടെ മകളെ പ്രോസിക്യൂട്ട് ചെയ്യാൻ തീരുമാനിച്ചപ്പോൾ സിപിഎം നേതൃത്വം സ്വീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എം.എ. കരിം അധ്യക്ഷത വഹിച്ചു. പി.എം. ഷംസുദീൻ , എൻ.ഐ. ബെന്നി, ബ്ലെയ്സ് ജി. വാഴയിൽ, കൃഷ്ണൻ കണിയാപുരം, ടോമി പാലയ്ക്കൻ, കെ.എം. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപകൽ സമരം കേരള കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചനും ആലക്കോട് മണ്ഡലം കമ്മിറ്റി നടത്തിയ സമരം കെ. സുരേഷ്ബാബുവും ഉദ്ഘാടനം ചെയ്തു. കരിങ്കുന്നത്ത് നടത്തിയ സമരം കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് ഉദ്ഘാടനം ചെയ്തു.
കട്ടപ്പന: ടൗണിൽ നടത്തിയ രാപ്പകൽ സമരം യുഡിഎഫ് ജില്ലാ കണ്വീനർ പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി തോമസ് രാജൻ, സഷ ബെന്നി, തോമസ് മൈക്കിൾ, എസ്. വിളക്കുന്നൻ, ജോസ് മുത്തനാട്ട്, ഫിലിപ്പ് മലയാറ്റ്, ജോർജ് കണ്ണംപേരൂർ, ബീന ടോമി തുടങ്ങിയവർ പ്രസംഗിച്ചു.
നെടുങ്കണ്ടം: നെടുങ്കണ്ടം കിഴക്കേക്കവലയിൽ നടന്ന രാപകൽ സമരം മുസ്്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. സിയാദ് ഉദ്ഘാടനം ചെയ്തു.സമരത്തോടനുബന്ധിച്ച് മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്റെ കോലം കത്തിച്ചു.
നെടുങ്കണ്ടം ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എസ്. മഹേശ്വരൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ജോസ് പൊട്ടംപ്ലാക്കൽ, അഡ്വ. സേനാപതി വേണു, എം.എൻ. ഗോപി, പി.എസ്. യൂനുസ്, ജോജി ഇടപ്പള്ളിക്കുന്നേൽ, രാജേഷ് ജോസഫ്, ജോയി കുന്നുവിള, കെ.ആർ. രാമചന്ദ്രൻ, ഷിഹാബ് ഈട്ടിക്കൽ, അനിൽ കട്ടൂപ്പാറ, അജേഷ് മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.