അപൂർവനേട്ടവുമായി തൂക്കുപാലം രാജീവ് ഗാന്ധി സ്വയംസഹായസംഘം
1539647
Friday, April 4, 2025 11:51 PM IST
നെടുങ്കണ്ടം: ഒരാഴ്ച പോലും മുടങ്ങാതെ ആയിരം യോഗങ്ങൾ നടത്തി അപൂർവനേട്ടം കൈവരിച്ച് തൂക്കുപാലം രാജീവ് ഗാന്ധി പുരുഷ സ്വയംസഹായ സംഘം. കോവിഡ് ഭീഷണി നിലനിന്നിരുന്ന സന്പൂർണ ലോക്ഡൗണ്‍ കാലയളവിൽ പോലും ഓണ്‍ലൈൻ യോഗങ്ങൾ മുടങ്ങാതെ നടത്തിയാണ് സംഘം ഈ നേട്ടം കൈവരിച്ചത്.
പുരുഷ സ്വയംസഹായസംഘങ്ങൾ ചുരുങ്ങിയ കാലം പ്രവർത്തിച്ച് നാമാവശേഷമാകുന്നതിനിടെയാണ് 20 വർഷത്തെ പ്രവർത്തന മികവുമായി ഈ സംഘം തലയുയർത്തി നിൽക്കുന്നത്. ഇന്ത്യൻ ദേശീയത മുഖമുദ്രയാക്കിയ ജനാധിപത്യ മതേതരമൂല്യങ്ങളിൽ വിശ്വസിക്കുന്ന സമാനചിന്താഗതിക്കാരായ അംഗങ്ങളെ ഉൾപ്പെടുത്തി 2005 ഒക്ടോബറിലാണ് രാജീവ് ഗാന്ധി സ്വയംസഹായസംഘം പ്രവർത്തനം ആരംഭിച്ചത്.
നെടുംകണ്ടം, കരുണാപുരം, പാന്പാടുംപാറ പഞ്ചായത്തുകളിൽനിന്നായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 20 അംഗങ്ങളാണ് ഇപ്പോൾ ഈ കൂട്ടായ്മയിലുള്ളത്. അംഗങ്ങളുടെയും സമൂഹത്തിന്റെയും സാന്പത്തിക ഉന്നമനം, നാടിന്റെ സമഗ്ര വികസനം, കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യം, പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടൽ, വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സൗഹാർദം ശക്തിപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്.
20 വർഷത്തിനിടെ മെഡിക്കൽ ക്യാന്പുകൾ, ചികിത്സാസഹായങ്ങൾ, വിദ്യാഭ്യാസ പ്രോത്സാഹനം, കുടുംബക്കൂട്ടായ്മകൾ, സർഗാത്മക വികസന പ്രവർത്തനങ്ങൾ, ഭക്ഷ്യക്കിറ്റ് വിതരണം, വിദ്യാർഥികൾക്ക് ഓണ്‍ലൈൻ പഠന സൗകര്യം ഏർപ്പെടുത്തൽ, വിവിധ മത്സരപരിപാടികൾ, കൂട്ടായ വിനോദ പഠന യാത്രകൾ, ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും രാഷ്ട്ര നേതാക്കന്മാരുടെ അനുസ്മരണ ദിനങ്ങളും ആചരിക്കൽ, ജൈവകൃഷി പ്രോത്സാഹിപ്പിക്കൽ, മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്.
സംഘത്തിന്റെ ആദ്യകാല പ്രസിഡന്റ് പരേതനായ കരമങ്ങാട്ട് കെ.ആർ. മോഹനൻ നായരുടെ സ്മരണയ്ക്കായി എല്ലാവർഷവും പഠനത്തിൽ മികവു പുലർത്തുന്ന വിദ്യാർഥികൾക്കായി എൻഡോവ്മെന്റും നൽകി വരുന്നു.
2015 ഒക്ടോബറിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത സ്വന്തം ഓഫീസിലാണ് ഇപ്പോൾ യോഗങ്ങൾ നടക്കുന്നത്.
ആയിരം ആഴ്ച യോഗങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷ പരിപാടികൾ രാജീവം അറ്റ് 1000 എന്ന പേരിൽ നാളെ നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് തൂക്കുപാലം എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക, വ്യാപാര, മാധ്യമമേഖലകളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
ഇതോടനുബന്ധിച്ച് റീൽസ് മത്സരവും വിവിധ കലാപരിപാടികളും നടക്കുമെന്ന് ഭാരവാഹികളായ പി. ബാലചന്ദ്രൻ, പി. പ്രദീപ് കുമാർ, എം.ടി. തോമസ്, അഗസ്റ്റിൻ ജോസഫ് എന്നിവർ പറഞ്ഞു.