ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 49 വയസ്
1513400
Wednesday, February 12, 2025 6:19 AM IST
ഇടുക്കി: മനുഷ്യനിര്‍മിത വിസ്മയമായ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 49 വയസ്. ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം ഉയരത്തില്‍ ഇന്ത്യയിലെ രണ്ടാമത്തേതും ലോകത്ത്
36-ാമത്തേതുമാണ്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയായ നദിയായ പെരിയാറ്റിലാണ് ഇടുക്കി അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്.
1961ലാണ് പദ്ധതിയുടെ രൂപകല്പന തയാറാക്കിയത്. 1966ല്‍ കൊളംബോ പദ്ധതി പ്രകാരം ഇടുക്കി പദ്ധതിക്ക് കാനഡ നിര്‍മാണസഹായം വാഗ്ദാനം ചെയ്തു. 1967ല്‍ ഇത് സംബന്ധിച്ചുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പദ്ധതി വിഭാവനം ചെയ്തപ്പോള്‍ സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. 1969 ഏപ്രില്‍ 30ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് നിര്‍മാണോദ്ഘാടനം നടത്തി.
ഏഴുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി നാടിന് സമര്‍പ്പിച്ചു. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളടങ്ങുന്ന ഒന്നാംഘട്ടം 110 കോടി ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്.
839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയേയും 925 മീറ്റര്‍ ഉയരമുള്ള കുറത്തി മലയേയും കൂട്ടിയിണക്കി 555 മീറ്റര്‍ ഉയരത്തിലാണ് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മിച്ചത്. ഇതോടൊപ്പം കുറവന്‍-തേന്മുടി മലകളെ ബന്ധിപ്പിച്ച് ചെറുതോണി അണക്കെട്ടും കിളിവള്ളിയാറിന് കുറുകെ കുളമാവ് അണക്കെട്ടും നിര്‍മിച്ചു. 780 മെഗാവാട്ട് വൈദ്യുതിയാണ് പദ്ധതിയില്‍നിന്ന് ഉത്പാദിപ്പിക്കുന്നത്.
അണക്കെട്ട് നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തത് ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായിരുന്നു. പ്രതിദിനം 15,000 തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. ഇവരിലേറെയും അന്യസംസ്ഥാനങ്ങളില്നിന്നുള്ളവരായിരുന്നു. നിര്‍മാണത്തിനിടയില്‍ 150ലേറെ തൊഴിലാളികള്‍ മരിക്കുകയും ചെയ്തു. ഇവരിലേറെയും അന്യ സംസ്ഥാനക്കാരുമായിരുന്നു.
1919ല്‍ ഇറ്റലിക്കാരനായ എന്‍ജിനിയറാണ് ഇവിടെ വലിയ അണക്കെട്ടിനുള്ള സാധ്യതയെക്കുറിച്ച് അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് 1922ല്‍ ഇടുക്കി കാടുകളില്‍ വരയാടിനെ വേട്ടയാടാന്‍ എത്തിയ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യു.ജെ. ജോണിന് വഴികാട്ടിയായത് കരുവെള്ളയാന്‍ കൊലുമ്പന്‍ എന്ന ആദിവാസി ഗോത്രത്തലവനായിരുന്നു. സൂപ്രണ്ടിന് വഴികാട്ടുന്നതിനിടയില്‍ കരുവെള്ളയാന്‍ കൊലുമ്പന്‍ മാനംമുട്ടി നില്ക്കുന്ന കരിമ്പാറ മലകള്‍ക്കിടയിലൂടെ കുതിച്ചുപായുന്ന പെരിയാറിനെ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. അങ്ങനെയാണ് ഇടുക്കി പദ്ധതിയെന്ന ആശയം ഉടലെടുത്തത്. 1985ലാണ് പദ്ധതിയുടെ രണ്ടാംഘട്ടം പൂര്‍ത്തീകരിച്ചത്.
ഇടുക്കി പദ്ധതിയില്‍നിന്നുള്ള വെള്ളം മൂലമറ്റത്തെ ഭൂഗര്‍ഭ വൈദ്യുതി നിലയത്തിലെത്തിച്ചാണ് വൈദ്യുതോത്പാദനം നടത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതി നിലയം മറ്റൊരു അദ്ഭുതമാണ്. കനേഡിയന്‍ കമ്പനിയായിരുന്നു പവര്‍ ഹൗസിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്.
അതീവ സുരക്ഷാ മേഖലയായ ഇടുക്കി പദ്ധതിയുടെ ഭാഗമായ അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. എന്നാല്‍ ഇടക്കാലത്തുണ്ടായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് മാസങ്ങളോളം സന്ദര്‍ശനം നിര്‍ത്തി വച്ചിരുന്നു. ഇപ്പോള്‍ സന്ദര്‍ശനത്തിന് അനുമതിയുണ്ട്.