അങ്കണവാടിയില്‍ വെള്ളം നിഷേധിച്ച് വാട്ടര്‍ അഥോറിറ്റി
1513397
Wednesday, February 12, 2025 6:19 AM IST
തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കൊന്താലപള്ളി അങ്കണവാടിയിലെ പിഞ്ചുകുഞ്ഞുങ്ങളോട് ജല അഥോറിറ്റിയുടെ ക്രൂരത. യാതൊരു മുന്നറിയിപ്പുമില്ലാതെ മീറ്റര്‍ മാറ്റിവയ്ക്കാനായി അങ്കണവാടിയിലേക്കുള്ള കുടിവെള്ളം വിച്ഛേദിച്ചെന്ന് അങ്കണവാടിയുടെ മോണിറ്ററിംഗ് കമ്മിറ്റി ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
2021 ഓഗസ്റ്റില്‍ കൊന്താലപള്ളി അങ്കണവാടിയിലേക്ക് കുടിവെള്ളത്തിനായി പഞ്ചായത്ത് കുഴല്‍ കിണര്‍ അനുവദിച്ചു. 400 അടി താഴ്ചയില്‍ കിണര്‍ കുഴിച്ചിട്ടും വെള്ളം ലഭിച്ചില്ല. 2022 ഫെബ്രുവരിയില്‍ ജല്‍ജീവന്‍ മിഷന് കുടിവെള്ള പദ്ധതി പ്രകാരം വാട്ടര്‍ കണക്ഷന് എടുത്തു.
2023 ജൂലൈ ആയിട്ടും അങ്കണവാടിയില്‍ വെള്ളം ലഭിക്കാത്തതിനെത്തുടര്‍ന്ന് വാട്ടര്‍ അഥോറിറ്റി ഓഫീസില്‍ പരാതി നല്കി. എന്നാല്‍ ഇക്കാലയളവില്‍ വെള്ളം ലഭിക്കാതെ തന്നെ 7,686 രൂപയുടെ ബില്ല് വാട്ടര്‍ അഥോറിറ്റി നല്കി.
ഇക്കാര്യം പഞ്ചായത്തില്‍ അറിയിക്കുകയും പഞ്ചായത്ത് കമ്മിറ്റിക്ക് അപേക്ഷ നല്‍കുകയും ചെയ്തു. വെള്ളം കിട്ടാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ ഇടപെട്ട് അങ്കണവാടിയിലേക്കുള്ള പൈപ്പ് നന്നാക്കുകയും നാലു മാസമായി വെള്ളം ലഭിക്കുന്നുമുണ്ട്.
എന്നാല്‍ കഴിഞ്ഞ നാലിന് മുന്നറിയിപ്പില്ലാതെ അങ്കണവാടിയിലേക്കുള്ള കണക്ഷന് വിച്ഛേദിക്കുകയും 13 കുട്ടികളുള്ള അങ്കണവാടിയുടെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തുവെന്നാണ് പരാതി. പിറ്റേന്ന് വാട്ടര്‍ അഥോറിറ്റി അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയായില്ലെന്നും എത്രയും വേഗം കുടിവെള്ള കണക്ഷന് സ്ഥാപിക്കാന്‍ കളക്ടര്‍ ഇടപെടണമെന്നും മോണിറ്ററിംഗ് കമ്മിറ്റി നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.