വീടുകളുടെ താക്കോൽ കൈമാറി
1512560
Sunday, February 9, 2025 11:54 PM IST
കട്ടപ്പന: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ നാല് വിദ്യാർത്ഥികൾക്കായി പ്രൈമറി വിഭാഗം അധ്യാപിക ലിൻസി ജോർജ് സുമനസുകളുടെ സഹകരണത്തോടെ നിർമിച്ച രണ്ടു വീടുകളുടെ താക്കോൽ മന്ത്രി റോഷി അഗസ്റ്റിൻ വീട്ടുകാർക്കു കൈമാറി.
മറ്റപ്പള്ളി ഭാഗത്തുള്ള മുരിക്കാട്ടുകുടി സ്കൂളിലെ രണ്ട് വിദ്യാർഥികൾ പ്ലാസ്റ്റിക് മേൽക്കൂരയുള്ള നനഞ്ഞൊലിക്കുന്ന കുടിലിലാണ് താമസിച്ചിരുന്നത്. മുരിക്കാട്ടുകുടി ഭാഗത്തുള്ള മറ്റു രണ്ട് കുട്ടികൾ താമസിച്ചിരുന്ന ചെറിയ ഷെഡ് കാലപ്പഴക്കം മൂലം വാസയോഗ്യമല്ലാതിരുന്നതിനാൽ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്.
റിയാദിൽ ജോലിക്കാരായ പെരുന്പടവം സ്വദേശികളായ പുത്തേർകുടിലിൽ ബിജുവും ഭാര്യ സാലിയും വീടുപണിക്ക് വേണ്ട സഹായങ്ങൾ നൽകിയതോടെ രണ്ട് കുടുംബങ്ങളുടെ വീടെന്ന സ്വപ്നം പൂവണിഞ്ഞു. നിർമാണ സാമഗ്രികൾ ചുമന്നെത്തിക്കാൻ കട്ടപ്പന എസ്എംവൈഎം ഫൊറോന ഡയറക്ടർ ഫാ. നോബി വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരും ജെപിഎം കോളജ് എൻഎസ്എസ് വോളണ്ടിയർമാരും മുരിക്കാട്ടുകുടി സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തകരും സഹായിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷതവഹിച്ചു. അധ്യാപിക ലിൻസി ജോർജ് ഭദ്രദീപം തെളിച്ചു.
സംസ്ഥാന യുവജന കമ്മീഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജോമോൻ പൊടിപാറ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തങ്കമണി സുരേന്ദ്രൻ, ജോമോൻ തെക്കേൽ, റോയി എവറസ്റ്റ്, പ്രിൻസിപ്പൽ സുരേഷ് കൃഷ്ണൻ, ഹെഡ്മാസ്റ്റർ എസ്. മുനിസ്വാമി, പിടിഎ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി, സ്കൂൾ സോഷ്യൽ സർവീസ് സ്കീം ലീഡർമാരായ രേഷ്മ ബിനീഷ്, ജിഷ്ണു കെ. ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു. ലിൻസി ജോർജ് സുമനസുകളുടെ സഹായത്താൽ ഇതുവരെ നിർമിച്ചത് എട്ട് വീടുകളാണ്.