ഡബിൾ ഡക്കർ ബസ് സർവീസിനെതിരേ ഇന്ന് ഡ്രൈവർമാരുടെ പണിമുടക്ക്
1512570
Sunday, February 9, 2025 11:54 PM IST
മൂന്നാർ: ടൂറിസം വികസനം ലഷ്യമാക്കി കെഎസ്ആർടിസി മൂന്നാറിൽ നടപ്പിലാക്കിയ ഡബിൾ ഡെക്കർ ബസ് സർവീസിനെതിരേ പ്രതിഷേധം. ടൂറിസ്റ്റ് ടാക്സി ഡ്രൈവർ ഇന്ന് മൂന്നാറിൽ പണിമുടക്കും.
ഡബിൾ ഡക്കർ സർവീസ് നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, മൂന്നാറിലെ ടാക്സി ഡ്രൈവർമാരോടുള്ള അവഗണന അവസാനിപ്പിക്കുക, വിവിധ ഡിപ്പോകളിൽനിന്നു കെഎസ്ആർടിസി നടത്തുന്ന ഉല്ലാസ യാത്രകൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
റെന്റ് എ കാർ, യൂബർ പോലുള്ള സംവിധാനങ്ങളുടെ കടന്നുവരവോടെ മൂന്നാറിലെ ടാക്സി വാഹനങ്ങൾ ഓട്ടമില്ലാതെ ബുദ്ധിമുട്ടുകയാണ്. അതിനിടയ്ക്കാണ് കെഎസ്ആർടിസി ഡബിൾ ഡക്കർ ബസുമായി രംഗത്ത് എത്തുന്നത്.
ഈ സർവീസ് നടപ്പിലാക്കിയാൽ ടൂറിസ്റ്റ് ടാക്സി ഓടിച്ച് ഉപജീവനം നടത്തുന്ന ആയിരത്തോളം കുടുംബങ്ങൾ പ്രതിസന്ധിയിലാകുമെന്ന് ഡ്രൈവർമാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം റോയൽ വ്യൂ എന്ന പേരിൽ തുടക്കം കുറിച്ച ഡബിൾ ഡക്കർ സർവീസ് ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി ഗണേഷ് കുമാറിനെ ഒരു വിഭാഗം ഡ്രൈവർമാർ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചിരുന്നു.