അക്കാദമിക മികവിൽ വാഴത്തോപ്പ് സെന്റ്് ജോർജ് യുപിഎസ്
1512559
Sunday, February 9, 2025 11:54 PM IST
ചെറുതോണി: അറക്കുളം സബ് ജില്ലയിലെ മികച്ച അക്കാദമിക പ്രവർത്തനം കാഴ്ചവച്ച യുപി സ്കൂളിനുള്ള പുരസ്കാരം വാഴത്തോപ്പ് സെന്റ്് ജോർജ് യുപി സ്കൂൾ കരസ്ഥമാക്കി.
2024-25 അധ്യയന വർഷത്തെ മികച്ച അക്കാദമിക പ്രവർത്തനം നടത്തിയ സ്കൂളിനുള്ള ബഹുമതിയാണ് വാഴത്തോപ്പ് സെന്റ്് ജോർജ് യുപി സ്കൂളിന് ലഭിച്ചത്. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സ്കൂളിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിത എസ്എബിഎസ് പറഞ്ഞു. സ്കൂളിൽ ഈ വർഷം നടപ്പിലാക്കിയ വിവിധ പാഠ്യപദ്ധതികൾക്ക് പുറമേ "ഇന്ത്യയെ അറിയാൻ' എന്ന പേരിൽ നടപ്പാക്കിയ പുതിയ പ്രോജക്ടും സ്കൂളിനെ ഈ ബഹുമതിയിലേക്ക് ഉയർത്താനിടയാക്കി.
ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും ഭാഷയുമെല്ലാം മുഴുവൻ വിദ്യാർഥികളും മനഃപാഠമാക്കി. ഇതിനായി പ്രത്യേക പരിശീലനങ്ങളും പരീക്ഷകളും നടത്തി. പദ്ധതിയുടെ നടത്തിപ്പിൽ വിദ്യാഭ്യാസ സബ് ജില്ലാതല ഉദ്യോഗസ്ഥരെത്തി വിധിനിർണയം നടത്തി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്കൂളിനെ മികച്ച സ്കൂളായി തെരഞ്ഞെടുത്തത്. 450ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ 70 ശതമാനത്തോളം കുട്ടികൾ ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ പ്രാപ്തരായിട്ടുണ്ട്.
പഠനത്തിൽ പിന്നാക്കമുള്ള കുട്ടികളെ കണ്ടെത്തി അവർക്കായി പ്രത്യേകം പരിശീലനം നൽകുന്നു. കമ്പ്യൂട്ടർ പരിശീലനവും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുമെല്ലാം അക്കാദമിക മികവ് പുലർത്താൻ സഹായിക്കുന്നു.
അറക്കുളം സബ് ജില്ലയിലെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട വാഴത്തോപ്പ് സെന്റ് ജോർജ് യുപി സ്കൂളിനുള്ള അവാർഡ് അറക്കുളം എഇഒ ആഷിമോൾ കുര്യാച്ചനിൽനിന്നു സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിത ഏറ്റുവാങ്ങി.
ചടങ്ങിൽ ബിപിസി സിനി സെബാസ്റ്റ്യൻ, ഡയറ്റ് ഫാക്കൽറ്റി അജേഷ് കുമാർ, എച്ച്എം ഫോറം സെക്രട്ടറി ഷിബു ജോർജ് എന്നിവർ പങ്കെടുത്തു. സ്കൂളിനെ ബഹുമതിയിലേക്ക് ഉയർത്താൻ പരിശ്രമിച്ച അധ്യാപകരെയും വിദ്യാർഥികളെയും സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, അസി. ഡയറക്ടർ ഫാ. തോമസ് മടിക്കാങ്കൽ പിടിഎ കമ്മിറ്റി എന്നിവർ അനുമോദിച്ചു.