വെള്ളിലാംകണ്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു
1512862
Tuesday, February 11, 2025 12:05 AM IST
ഉപ്പുതറ: കുഴൽക്കിണർ നിർമിക്കാൻ സാമഗ്രികളുമായി പോയ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. മധ്യപ്രദേശ് മണ്ഡല സ്വദേശി ഹേമന്ദ് ദുർവെ (22) ആണ് മരിച്ചത്. തമിഴ്നാട് എടപ്പാടി സ്വദേശികളായ ഡ്രൈവർ തങ്കരാജ്(50), കുമരവേൽ(55), മധ്യപ്രദേശ് മണ്ഡല സ്വദേശികളായ അമർസിങ് മറാവി(28), രാജേഷ് മറാവി(24), രാജാറാം(34), സുനിൽകുമാർ ദുർവെ(34), മനോജ് പർദെ(26) എന്നിവർക്കാണ് പരിക്കേറ്റത്.
കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവേയിലെ വെള്ളിലാങ്കണ്ടം ടൗണിൽ ഞായറാഴ്ച രാത്രി 11.30നാണ് അപകടം. നരിമ്പാറയിൽ നിർമാണം പൂർത്തിയാക്കി പുതിയ കുഴൽക്കിണർ കുഴിക്കുന്നതിന് ഉപ്പുതറയിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട് വെള്ളിലാങ്കണ്ടം ടൗണിൽ വാഹനം മറിയുകയായിരുന്നു.
അതിനിടെ തൊഴിലാളികളിൽ ചിലർ തെറിച്ചുവീണു. ഹേമന്ദ് ലോറിയുടെ അടിയിൽപ്പെട്ടു. ഈ സമയം ടൗണിൽ ഉണ്ടായിരുന്നവരും ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ചേർന്ന് ഏഴു പേരെയും രക്ഷപ്പെടുത്തി കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചു.
കട്ടപ്പനയിൽനിന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തു വന്നു. ഹേമന്ദിന് മുകളിൽ പതിച്ച ലോറിയുടെ ഭാഗം കട്ടർ ഉപയോഗിച്ച് മുറിക്കാൻ ഫയർഫോഴ്സ് നടത്തിയ ശ്രമം പരാജയപ്പെട്ടു. പിന്നീട് വടം വലി ടീമിന്റെയും ചുമട്ടുതൊഴിലാളികളുടേയും വടം എത്തിച്ച് കെട്ടിവലിച്ച് ലോറിയുടെ ഒരു വശം തിരിച്ചശേഷമാണ് ഹേമന്ദിനെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് ലോറി ഉയർത്തി മാറ്റിയത്.